കോമരം ഭീമിന് അഞ്ച് ഭാഷകളിൽ ശബ്ദം നൽകി രാം ചരൺ; ആർആർആർ ഒരുങ്ങുന്നു

ബാഹുബലിക്ക് ശേഷം രാജമൗലിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ആർആർആർ. രൗദ്രം രണം രുദിരം എന്നതിന്റെ ചുരുക്കപ്പേരാണ് ആർആർആർ. ചിത്രത്തിൽ ജൂനിയർ എൻടിആർ അവതരിപ്പിക്കുന്ന ഭീം എന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് വീഡിയോയ്ക്ക് അഞ്ച് ഭാഷകളിൽ ശബ്ദം നൽകിയിരിക്കുന്നത് നടൻ രാം ചരൺ ആണ്. തമിഴ്, ഹിന്ദി, മലയാളം, കന്നഡ, തെലുങ്ക് തുടങ്ങിയ ഭാഷകളിലാണ് രാം ചരൺ ശബ്ദം നൽകിയിരിക്കുന്നത്. അതേസമയം ചിത്രത്തിൽ മറ്റൊരു ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നതും രാം ചരണാണ്.

1920-കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്യ സമരസേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്. അല്ലൂരി സീതാരാമ രാജുവായി രാം ചരണെത്തുമ്പോൾ കോമരം ഭീം ആയി എത്തുന്നത് ജൂനിയർ എൻടിആറാണ്. 450 കോടി മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിൽ ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും അജയ് ദേവ്ഗണും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇരുവരുടെയും ആദ്യ ദക്ഷിണേന്ത്യൻ ചിത്രം കൂടിയാണ് ആർആർആർ.

Read also:രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ഹൃദയത്തിന്റെ ആരോഗ്യത്തിനും വരെ ബെസ്റ്റാണ് ഈ പഴം

ഡിവിവി എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ ഡിവിവി ധനയ്യ ആണ് ചിത്രം നിർമിക്കുന്നത്. എം എം കീരവാണി സംഗീതം നിർവഹിക്കുന്നു. 2020 മാർച്ചോടെ ചിത്രീകരണം പ്ലാൻ ചെയ്ത് 2020 ജൂലൈ 30-ന് റിലീസ് ചെയ്യാനിരുന്ന ചിത്രത്തിൻ്റെ ഷൂട്ടിങ് കൊവിഡ് പശ്ചാത്തലത്തിൽ നിർത്തിവെച്ചിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും സിനിമ ചിത്രീകരണവുമായി തിരക്കിലാണ് അണിയറപ്രവർത്തകർ.

Story Highlights: Ram Charan Dubbed for RRR in Five Languages