വിരാട് കോഹ്‌ലിയും ദേവ്ദത്ത് പടിക്കലും തിളങ്ങി- രാജസ്ഥാനെതിരെ ബാംഗ്ലൂരിന് ജയം

October 3, 2020

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് ജയം. എട്ട് വിക്കറ്റിനാണ് ബാംഗ്ലൂര്‍ വിജയം കരസ്ഥമാക്കിയത്. നായകന്‍ വിരാട് കോഹ്‌ലിയുടെയും മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെയും അര്‍ദ്ധ സെഞ്ച്വറി മികവില്‍ അഞ്ച് ബോളുകള്‍ ശേഷിക്കെ രാജസ്ഥാന്‍ മുന്നോട്ട് വെച്ച 155 റണ്‍സ് വിജയലക്ഷ്യം ബാംഗ്ലൂര്‍ മറികടക്കുകയായിരുന്നു.

കോഹ്‌ലി 53 ബോളില്‍ 72 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ദേവ്ദത്ത് പടിക്കല്‍ 45 ബോളില്‍ 63 റണ്‍സ് നേടി. ഡിവില്ലിയേഴ്‌സ് 12 റണ്‍സുമായി പുറത്താകാതെ നിന്നു.

രാജസ്ഥാനുവേണ്ടി ആര്‍ച്ചറും ശ്രേയസ് ഗോപാലും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത രാജസ്ഥാൻ റോയൽസ് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തിലാണ് 154 റൺസ് സ്വന്തമാക്കിയത്. മഹിപാല്‍ ലോംറോറാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. 39 പന്തില്‍ 47 റണ്‍സാണ് നേടിയത്.

ജോസ് ബട്‌ലര്‍ 12 പന്തില്‍ 22 റൺസും, രാഹുല്‍ തെവാത്തിയ 12 പന്തില്‍ 24 റൺസും, ജോഫ്ര ആര്‍ച്ചര്‍ 10 പന്തില്‍ 16റൺസും നേടി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. രാജസ്ഥാനെതിരെ വിജയം സ്വന്തമാക്കിയതോടെ നാല് മത്സരത്തില്‍ നിന്ന് മൂന്ന് വിജയവുമായി ബാംഗ്ലൂര്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാമതെത്തി.

Story highlights- RCB won by 8 wickets