ബാറ്റെടുത്തവരെല്ലാം ബൗണ്ടറി മേളം കൊട്ടി; ചിന്നസ്വാമിയിലെ റൺമഴയിൽ റെക്കോഡുകളുടെ കുത്തൊഴുക്ക്..!

April 16, 2024

ഐപിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും അവിസ്മരണീയമായ പോരാട്ടത്തിനാണ് കഴിഞ്ഞ ദിവസം ബെംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയം സാക്ഷിയായത്. ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിനെതിരെ ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 287 റണ്‍സാണ് അടിച്ചെടുത്തത്. ഐപിഎല്ലിലെ ഏറ്റവും ഉയര്‍ന്ന ടീം സ്‌കോര്‍ എന്ന റെക്കോഡ് ദിവസങ്ങള്‍ക്കകം തിരുത്തിക്കുറിക്കുന്നതായിരുന്നു ഹൈദരബാദിന്റെ പ്രകടനം. ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ നേടിയ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സെന്ന റെക്കോഡാണ് ഇതോടെ മറികടന്നത്. ( Sunrisers Hyderabad and Royal Challengers Bengaluru records )

ബോളര്‍മാരുടെ ശവപ്പറമ്പായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സിന് വെടിക്കെട്ട് തുടക്കമാണ് ലഭിച്ചത്. ആദ്യ പന്ത് മുതല്‍ തകര്‍ത്തടിച്ച ഓപ്പണര്‍മായ ട്രാവിസ് ഹെഡും അഭിഷേക് ശര്‍മയും സ്‌കോര്‍ബോര്‍ഡ് അതിവേഗം ചലിപ്പിച്ചു. 20 പന്തില്‍ അര്‍ധസെഞ്ച്വറി കടന്ന ട്രാവിസ് 41 പന്തില്‍ 102 റണ്‍സാണ് അടിച്ചെടുത്തത്. വണ്‍ ഡൗണായെത്തിയ ഹെന്റിച്ച് ക്ലാസന്റെ ഉശിരന്‍ ഫിഫ്റ്റിയും (31 പന്തില്‍ 67) അതിനുപുറമെ അഭിഷേക് ശര്‍മ (34), എയ്ഡന്‍ മര്‍ക്രം (32 നോട്ടൗട്ട്), അബ്ദുല്‍ സമദ് (37) എന്നിവരുടെ റണ്‍മല തീര്‍ത്തതോടെയാണ് റെക്കോഡ് സ്‌കോര്‍ പിറന്നത്. മറുപടി ബാറ്റിങ്ങില്‍ ബെംഗളൂരുവും അതേ നാണയത്തില്‍ തിരിച്ചടിക്കുന്നതാണ് കണ്ടത്. 35 പന്തില്‍ 83 റണ്‍സുമായി ടീമിന്റെ ടോപ് സ്‌കോററായി മാറി. അതോടൊപ്പം സെന്‍സിബിള്‍ ഇന്നിങ്‌സില്‍ നിന്നും വ്യത്യസ്തമായി വിരാട് കോലിയും (20 പന്തില്‍ 42) ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലസിയും (28 പന്തില്‍ 62) തകര്‍ത്തടിച്ചപ്പോള്‍ ബെംഗളൂരു ടീം സ്‌കോര്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 262 റണ്‍സിലെത്തി.

ഇരുടീമിലെയും ബാറ്റര്‍മാര്‍ സംഹാരതാണ്ഡവമാടയതോടെ നിരവധി റെക്കോഡുകളാണ് ചിന്നസ്വാമിയില്‍ പിറന്നത്. ഒരു ഐപിഎല്‍ മത്സരത്തില്‍ പിറന്ന ഏറ്റവും ഉയര്‍ന്ന റണ്‍സായ 549 റണ്‍സാണ് ഇരുടീമുകളും അടിച്ചെടുത്തത്. ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ പിറന്ന 523 റണ്‍സിന്റെ റെക്കോഡാണ് വഴിമാറിയത്. ഒരു ഇന്നിങ്‌സില്‍ പിറന്ന സിക്‌സറുകളുടെ എണ്ണത്തിലും സണ്‍റൈസേഴ്‌സ് മുന്നിലെത്തി. 22 സിക്‌സറുകള്‍ നേടിയ സണ്‍റൈസേഴ്‌സ് 2013-ല്‍ പൂനെ വാരിയേഴ്‌സിനെതിരെ ആര്‍സിബി നേടിയ 21 സിക്‌സിന്റെ റെക്കോഡാണ് മറികടന്നത്. ഇരു ടീമുകളും ചേര്‍ന്ന് നേടിയ 38 സിക്‌സറുകള്‍ ഹൈദരാബാദ്-മുംബൈ മത്സരത്തിലെ റെക്കോഡിനൊപ്പവുമെത്തി.

ഇരുടീമുകളും ചേര്‍ന്ന് അടിച്ചെടുത്ത 81 ഫോറുകള്‍ ട്വന്റി 20 മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഫോര്‍ പിറന്ന മത്സരമായി മാറി. 2023-ല്‍ നടന്ന ദക്ഷിണാഫ്രിക്ക-വിന്‍ഡീസ് മത്സരത്തിലാണ് മുമ്പ് ഇത്രയും ഫോറുകള്‍ പിറന്നത്. ആ മത്സരത്തില്‍ തന്നെ വിന്‍ഡീസിന്റെ മറ്റൊരു റെക്കോഡും ആര്‍സിബി മറികടന്നു. ഒരു ടി-20 മത്സരത്തില്‍ തോറ്റ ടീമിന്റെ ഉയര്‍ന്ന സ്‌കോര്‍ എന്നതായിരുന്നത്. ദക്ഷിണാഫ്രിക്കക്കെതിരെ തോറ്റ മത്സരത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സാണ് വിന്‍ഡീസ് നേടിയിരുന്നത്.

Read Also : ബംഗ്ലാദേശിനെതിരായ പരമ്പര; സജനയുംആശ ശോഭനയും ഇന്ത്യൻ ടീമിൽ

ബെംഗളൂരു ബോളര്‍മാരുടെ നിസ്സഹായവസ്ഥ വെളിപ്പെടുത്തുന്ന ഒരു കണക്കും മത്സരത്തിന് ശേഷം പുറത്തുവന്നു. ഒരു ടീമിലെ ഏറ്റവും കൂടുതല്‍ പേര്‍ അന്‍പതില്‍ കൂടുതല്‍ റണ്‍സ് വഴങ്ങുന്ന മത്സരമായിട്ടും ഇത് ചരിത്രപുസ്തകത്തില്‍ ഇടംപിടിച്ചു. ബെംഗളൂരുവിന്റെ റീസ് ടോപ്‌ലി (68), വിജയ്കുമാര്‍ വൈശാഖ് (64), ലോക്കി ഫെര്‍ഗൂസന്‍ (52), യാഷ് ദയാല്‍ (51) എന്നിവരാണ് അന്‍പതിലധികം റണ്‍സ് വിട്ടുകൊടുത്തത്. ഐപിഎല്‍ ചരിത്രത്തില്‍ ഒരു സീസണില്‍ രണ്ടുതവണ 250 കടക്കുന്ന ആദ്യ ടീമെന്ന നേട്ടവും ഈ മത്സരത്തോടെ ഹൈദരാബാദിന്റെ പേരിലായി.

Story highlights : Sunrisers Hyderabad and Royal Challengers Bengaluru records