ബംഗ്ലാദേശിനെതിരായ പരമ്പര; സജനയുംആശ ശോഭനയും ഇന്ത്യൻ ടീമിൽ

April 15, 2024

ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യന്‍ വനിത ടീമില്‍ ഇടംപിടിച്ച് രണ്ട് മലയാളി താരങ്ങള്‍. കേരളത്തിന്റെ മുന്‍ ക്യാപ്റ്റന്‍ സജന സജീവനും പോണ്ടിച്ചേരി ക്യാപ്റ്റനായ മലയാളി താരം ആശ ശോഭനയും 16 അംഗ ടീമില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതാദ്യമായാണ് ഇരുവര്‍ക്കും ദേശീയ ടീമില്‍ അവസരം ലഭിക്കുന്നത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഈ മാസം 28ന് ആരംഭിക്കും. ( Sajana Sajeevan and Asha Shobhana Indian team t20s )

കഴിഞ്ഞ രണ്ട് ഡബ്ല്യുപിഎല്‍ സീസണുകളിലെ പ്രകടനം ആശയെ തുണച്ചപ്പോള്‍ ഈ സീസണില്‍ മുംബൈക്കായി നടത്തിയ തകര്‍പ്പന്‍ പ്രകടനങ്ങളുടെ ബലത്തില്‍ സജനയ്ക്ക് നറുക്ക് വീഴുകയായിരുന്നു. കേരളത്തിന്റെ മുന്‍ ക്യാപ്റ്റനായിരുന്ന ആശ നിലവില്‍ പോണ്ടിച്ചേരി താരമാണ്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ സുപ്രധാന താരമായ ആശ ഇക്കുറി ടീമിനെ കിരീടത്തിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.

രാജ്യത്ത് നിലവിലെ ഏറ്റവും മികച്ച ലെഗ് സ്പിന്നറെന്ന് പലരും വിലയിരുത്തിയിട്ടും പോണ്ടിച്ചേരി പോലൊരു കുഞ്ഞന്‍ ടീമില്‍ കളിക്കുന്നതിനാല്‍ ആശയ്ക്ക് പലപ്പോഴും അര്‍ഹിക്കുന്ന അംഗീകാരം ലഭിച്ചിരുന്നില്ല. എന്നാല്‍, ഡബ്ല്യുപിഎലിലെ രണ്ട് സീസണ്‍ ആ ദൗര്‍ഭാഗ്യം മാറ്റിയെഴുതുകയായിരുന്നു. ഈ സീസണില്‍ ഒരു അഞ്ച് വിക്കറ്റ് നേട്ടം അടക്കം 12 വിക്കറ്റ് നേടിയ ആശ പട്ടികയില്‍ രണ്ടാമതായിരുന്നു.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരിനെതിരെ താന്‍ നേരിട്ട ആദ്യ പന്തില്‍, ഇന്നിംഗ്‌സിലെ അവസാന പന്തില്‍ സിക്‌സര്‍ നേടി വിജയിപ്പിച്ചതോടെ ശ്രദ്ധ നേടിയ സജന ആഭ്യന്തര ക്രിക്കറ്റില്‍ തുടരെ മികച്ച പ്രകടനം നടത്തുന്ന താരമാണ്. ഓള്‍റൗണ്ടറായ സജന ഡബ്ല്യുപിഎലില്‍ കാര്യമായി പന്തെറിഞ്ഞില്ലെങ്കിലും ചില മികച്ച ഇന്നിംഗ്‌സുകള്‍ കളിച്ചിരുന്നു.

Read Also : ബാല വിവാഹത്തിൽ നിന്നും രക്ഷപ്പെട്ട 15-കാരി; ഇന്ന് 440 ൽ 421 മാർക്ക്, നിർമലയ്ക്ക് ആഗ്രഹം ഐപിഎസ് ഓഫിസറാകാൻ

അതേസമയം, സ്റ്റാര്‍ ബാറ്റര്‍ ജമീമ റോഡ്രിഗസിന് അവസരം ലഭിച്ചില്ല. വനിത പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി മികച്ച പ്രകടനം നടത്താന്‍ താരത്തിനായിരുന്നു.

Story highlights : Sajana Sajeevan and Asha Shobhana Indian team t20s