‘ദക്ഷിണേന്ത്യയുടെ പ്രതിഭ പ്രദർശിപ്പിക്കാൻ രണ്ട് ഐക്കണുകൾക്കൊപ്പം അണിനിരക്കുന്നു’- ബറോസിന്റെ ഭാഗമാകാൻ സന്തോഷ് ശിവൻ
മോഹൻലാൽ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ബറോസ്; ഗാർഡിയൻ ഓഫ് ഗാമയുടെ ഭാഗമാകാൻ സന്തോഷ് ശിവനും. ത്രീഡി ചിത്രമായി ഒരുങ്ങുന്ന ബറോസിൽ ഛായാഗ്രാഹകനായി എത്തുന്നത് സന്തോഷ് ശിവനാണ്. അദ്ദേഹം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ബറോസിന്റെ ഭാഗമാകുന്നതായി അറിയിച്ചത്.
‘ദക്ഷിണേന്ത്യയുടെ പ്രതിഭ പ്രദർശിപ്പിക്കാൻ രണ്ട് ഐക്കണുകൾക്കൊപ്പം അണിനിരക്കുന്നു’- സന്തോഷ് ശിവൻ കുറിക്കുന്നു. ഛായാഗ്രാഹകൻ കെ യു മോഹനന് പകരമാണ് സന്തോഷ് ശിവൻ സിനിമയിലേക്ക് എത്തുന്നത്. ഈ വർഷം ആദ്യം തന്നെ സ്പാനിഷ് അഭിനേതാക്കളായ പാസ് വേഗയും റാഫേൽ അമർഗോയും ചിത്രത്തിൽ വേഷമിടാനായി കരാറിൽ ഒപ്പുവെച്ചിരുന്നു. ജൂലൈയിൽ ആരംഭിക്കാനിരുന്ന ഷൂട്ടിംഗ് കൊവിഡ് പ്രതിസന്ധിയെ തുടർന്ന് നീളുകയായിരുന്നു.
അഭിനയത്തിനൊപ്പം മോഹന്‍ലാല്‍ ചലച്ചിത്ര സംവിധാന രംഗത്തേക്കു ചുവടുവയ്ക്കുന്നു എന്ന പ്രഖ്യാപനം ആവേശത്തോടെയാണ് സിനിമാലോകം ഏറ്റെടുത്തത്. ചിത്രത്തിന് സംഗീതമൊരുക്കുന്നത് 13 വയസുകാരനായ ലിഡിയനാണ്.
ട്ടികള്ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന ചിത്രമായിരിക്കും ബറോസ് എന്നു മോഹന്‍ലാല്‍ തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. ‘ബറോസ്സ്’; ‘സ്വപ്നത്തിലെ നിധികുംഭത്തില്‍ നിന്ന് ഒരാള്‍’ എന്ന ടാഗ് ലൈനോടെ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ മോഹന്‍ലാല്‍ തന്റെ ഔദ്യോഗിക ബ്ലോഗില്‍ കുറിച്ചിരുന്നു. ‘കഥയുടെ മാന്ത്രിക പരവതാനിയേറി യാത്ര ചെയ്യാം. അത്ഭുത ദൃശ്യങ്ങള്‍ നുകരാം. അറബിക്കഥകള്‍ വിസ്മയങ്ങള്‍ വിരിച്ചിട്ട നിങ്ങളുടെ മനസുകളില്‍ പോര്‍ച്ചുഗീസ് പശ്ചാത്തലത്തില്‍ ബറോസ്സിന്റെ തീര്‍ത്തും വ്യത്യസ്തമായ ഒരു ലോകം തീര്‍ക്കണമെന്നാണ് എന്റെ സ്വപ്നം’ എന്നും മോഹന്‍ലാല്‍ പങ്കുവെച്ചിരുന്നു.
Story highlights- Santosh Sivan joins Mohanlal’s directorial debut, Barroz