‘എന്റെ ജീവിതത്തിലുടനീളം സംഭവിച്ചതിൽ ഏറ്റവും അപ്രതീക്ഷിതമായ കാര്യമാണിത്’- മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റായി തിരഞ്ഞെടുത്ത സന്തോഷത്തിൽ ശ്രുതി രാമചന്ദ്രൻ

അൻപതാമത് കേരളം സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിൽ ജനങ്ങൾ പ്രതീക്ഷിച്ച താരങ്ങൾ തന്നെയാണ് ജേതാക്കളായത്. എന്നാൽ അപ്രതീക്ഷിതമായി പുരസ്‌കാരം ലഭിച്ച അമ്പരപ്പിലാണ് വിജയികളിലൊരാൾ. മറ്റാരുമല്ല, നടി ശ്രുതി രാമചന്ദ്രൻ. അഭിനേത്രിയാണെങ്കിലും ശ്രുതിക്ക് ഇത്തവണ പുരസ്‌കാരം ലഭിച്ചത് ഡബ്ബിംഗിനാണ്. മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റുകൾക്കുള്ള പുരസ്‌കാരങ്ങൾ ലഭിച്ചത് ശ്രുതി രാമചന്ദ്രനും വിനീതിനുമാണ്.
കമല എന്ന ചിത്രത്തിൽ റൂഹാനിയ്ക്ക് വേണ്ടിയാണ് ശ്രുതി ശബ്ദം നൽകിയത്. പുരസ്‌കാരം അപ്രതീക്ഷിതമായതുകൊണ്ടു തന്നെ അമ്പരപ്പും മാറിയിട്ടില്ല. പുരസ്‌കാര വാർത്ത പങ്കുവെച്ചുകൊണ്ട് ശ്രുതി കുറിക്കുന്നു.’ എന്റെ ജീവിതത്തിലുടനീളം സംഭവിച്ചതിൽ വച്ച് ഏറ്റവും അപ്രതീക്ഷിതമായ കാര്യമാണിത്! എന്നിലർപ്പിച്ച വിശ്വാസത്തിന് രഞ്ജിത്ത് ശങ്കറിന് നന്ദി..ജൂറിക്ക് നന്ദി ..നിങ്ങൾ നൽകിയ അപാരമായ സ്നേഹത്തിന് എല്ലാവർക്കും നന്ദി’.
രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത കമലയിൽ വെറുതെ ഒന്ന് ശ്രമിച്ചതാണ് ശ്രുതി രാമചന്ദ്രൻ. ശ്രുതിയുടെ പ്രേതം എന്ന ചിത്രം സംവിധാനം ചെയ്തത് രഞ്ജിത്ത് ആണ്. ആ പരിചയത്തിന്റെ പേരിൽ രഞ്ജിത്ത് പറഞ്ഞതനുസരിച്ച് ശബ്ദം നൽകുകയായിരുന്നു താരം. എന്തായാലും ഡബ്ബ് ചെയ്തതിലൂടെ പുരസ്കാരവും തേടിയെത്തിയ സന്തോഷത്തിലാണ് ശ്രുതി.
മലയാളത്തിലും തെലുങ്കിലും താരമാണ് ശ്രുതി. 2014ൽ ഞാൻ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ ശ്രുതി രാമചന്ദ്രൻ ‘പ്രേതം’ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. സൺഡേ ഹോളിഡേ, ചാണക്യ തന്ത്രം,ഡിയർ കോമ്രേഡ്,അന്വേഷണം ചിത്രങ്ങളിലാണ് താരം വേഷമിട്ടിരിക്കുന്നത്.
Story highlights- shruthi ramachandran about award