ജയസൂര്യയും ശ്രുതി രാമചന്ദ്രനും വീണ്ടുമൊന്നിക്കുന്ന ചിത്രം ‘അന്വേഷണം’- ജനുവരി 31ന് തിയേറ്ററുകളിലേക്ക്

January 16, 2020

പ്രേതം എന്ന ഹിറ്റ് ചിത്രത്തിലാണ് ജയസൂര്യയും ശ്രുതി രാമചന്ദ്രനും ഒന്നിച്ചത്. ഇപ്പോൾ ‘അന്വേഷണം’ എന്ന ത്രില്ലറിലൂടെ ഈ കൂട്ടുകെട്ട് വീണ്ടും എത്തുകയാണ്. പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ശ്രുതി രാമചന്ദ്രന്റെ ഭർത്താവ് ഫ്രാൻസിസ് ആണ്.

ഒരു മെഡിക്കൽ ത്രില്ലറായിരിക്കും ചിത്രം എന്നാണ് പോസ്റ്ററുകൾ വ്യക്തമാക്കുന്നത്. ജനുവരി 31നാണു ചിത്രം റിലീസ് ചെയ്യുന്നത്. രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത പ്രേതം എന്ന ചിത്രത്തിൽ ജയസൂര്യയാണ് തന്നെ എത്തിച്ചതെന്ന് ശ്രുതി വ്യക്തമാക്കിയിരുന്നു.

ലാല്‍, വിജയ് ബാബു, ലിയോണ ലിഷോയ്, ലെന തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളായി എത്തുന്നു. സുജിത് വാസുദേവാണ് ഛായാഗ്രഹണം. ഇ4 എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ മുകേഷ് ആര്‍.മെഹ്ത, എ.വി അനൂപ്, സി.വി സാരഥി എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജേക്‌സ് ബിജോയ് ആണ് സംഗീതം.

പ്രേതത്തിനു ശേഷം ‘സൺഡേ ഹോളിഡേ’ എന്ന ചിത്രത്തിലാണ് ശ്രുതി വേഷമിട്ടത്. പിന്നീട് തെലുങ്ക് സിനിമ ലോകത്ത് സാന്നിധ്യമറിയിച്ചു. വിജയ് ദേവരകോണ്ടയുടെ ഹിറ്റ് ചിത്രമായ ‘ഡിയർ കോംറേഡ്’ ശ്രുതിക്ക് മികച്ച പ്രതികരണം നേടിക്കൊടുത്ത ചിത്രമാണ്.

Read More:‘ഷൂട്ടിംഗ് അറിഞ്ഞിരിക്കുന്നത് നല്ലതാണ്’- റൈഫിൾ ക്ലബ്ബിൽ അംഗത്വമെടുത്ത് മമ്മൂട്ടി

‘തൃശൂർ പൂര’ത്തിന് ശേഷം ജയസൂര്യയുടേതായി തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുന്ന ചിത്രം കൂടിയാണ് ‘അന്വേഷണം’. ‘അപ്പോസ്തലൻ’ എന്ന ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്.