വീടിനുള്ളിലേക്കും കൊറോണ വൈറസ് വിരുന്നു വന്നേക്കാം; പ്രതിരോധ മാർഗങ്ങൾ
കൊവിഡ് കാലമാണ്. കരുതൽ അധികം ആവശ്യമുണ്ട്. കഴിവതും വീടിനുള്ളിൽ തന്നെ കഴിഞ്ഞാലും അത്യാവശ്യ കാര്യങ്ങൾക്ക് വീട്ടിൽ നിന്നും ഒരാളെങ്കിലും പുറത്തുപോകേണ്ട സാഹചര്യമുണ്ടാകാറുണ്ട്. കൈകഴുകുന്നത് മുതൽ ഹോം ഡെലിവറിയിൽ അങ്ങേയറ്റം ശുചിത്വം പാലിക്കുന്നത് വരെ എല്ലാവരുടെയും ശീലമായി കഴിഞ്ഞു. കൈകഴുകുകയും സാനിറ്റൈസർ ഉപയോഗിക്കുകയും അതുമല്ലെങ്കിൽ പുറത്തു നിന്ന് വന്നതിനുശേഷം നേരെ കുളിക്കുന്നത് വരെ ആളുകൾ പ്രതിരോധത്തിനായി പാലിച്ചുതുടങ്ങി. എങ്കിലും പുറത്തുപോയി വരുമ്പോൾ എത്ര ശ്രദ്ധിച്ചാലും അണുക്കൾ വീട്ടിലേക്ക് വരാനുള്ള സാധ്യത തള്ളിക്കളയാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ വീടിനുള്ളിലും കരുതൽ ആവശ്യമുണ്ട്.
സെന്റർസ് ഓഫ് ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ ഏറ്റവും പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, വായുവിലൂടെയും കൊറോണ വൈറസ് പകരാം. ആരാണ് വൈറസ് വഹിക്കുന്നത്, അല്ലെങ്കിൽ നിങ്ങൾ എവിടെ നിന്നാണ് അസുഖം പകരുന്നത് എന്നുപോലും കൃത്യമായി നിർണ്ണയിക്കാൻ വളരെ പ്രയാസമുള്ള സമയമായതിനാൽ ചെയ്യാൻ കഴിയുന്ന ഒരേയൊരു കാര്യം അങ്ങേയറ്റം വൃത്തിയോടെ ചുറ്റുപാടുകൾ കാത്തുസൂക്ഷിക്കുക എന്നതാണ്. അതുകൊണ്ട് വീടിനുള്ളിൽ ആളുകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം.
കൊവിഡ് പടർത്താൻ വളരെയധികം സാധ്യതയുള്ള ഒന്നാണ് എയർ കണ്ടീഷണറുകൾ. എസി യൂണിറ്റുകൾ വൃത്തിയാക്കുന്നതും അണുവിമുക്തമാക്കുന്നതും ഒരു സുപ്രധാന കാര്യാമാണ് കൊവിഡ് കാലത്ത്. പ്രത്യേകിച്ചും സ്പ്ലിറ്റ് എയർകണ്ടീഷണർ യൂണിറ്റുകൾ. മുറികളിൽ സ്ഥാപിച്ചിരിക്കുന്ന എയർ കണ്ടീഷണർ ഒരു പ്രത്യേക സ്ഥലത്ത് തന്നെ കൊവിഡ് വ്യാപിപ്പിക്കുമെന്ന് പഠനങ്ങളിൽ തെളിഞ്ഞിരുന്നു. അതുകൊണ്ട് ഇവ വൃത്തിയാക്കേണ്ടത് വളരെ അത്യാവശ്യമാണ്.
നന്നായി വായുസഞ്ചാരമില്ലാത്തതോ വായു കെട്ടിനിൽക്കുന്നതോ ആയ മുറികൾ കൊറോണ വൈറസ് പോലുള്ളവയ്ക്ക് വേഗത്തിൽ പടരാൻ സഹായിക്കുമെന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു. ശുദ്ധമായ വായുസഞ്ചാരം ഉറപ്പാക്കേണ്ടത് പ്രധാനമാണ്. കാരണം ഇത് അണുബാധ പടരാനുള്ള സാധ്യത കുറയ്ക്കും.
വീട്ടിലെ മുക്കുകളും മൂലകളും വൃത്തിയാക്കുകയെന്നത് പ്രതിസന്ധി ഘട്ടത്തിൽ അല്ലെങ്കിൽ പോലും പ്രധാനമാണ്. എന്നാൽ, ഈ സമയത്ത് വൃത്തിയാക്കുമ്പോൾ കയ്യുറകൾ ധരിക്കാൻ ശ്രദ്ധിക്കണം. ഷോപ്പിംഗിന് പോകുമ്പോഴും കയ്യുറകൾ ഉപയോഗിക്കാൻ പരിശീലിക്കാം.
Story highlights- tips to stay safe