ഹൈഹീൽസിൽ യുവതി ഓടിക്കയറിയത് ഗിന്നസ് വേൾഡ് റെക്കോർഡ്‌സിലേക്ക്, വീഡിയോ
ഹൈഹീൽസ് ധരിച്ച് നടക്കാൻ തന്നെ പലർക്കും വളരെയധികം ബുദ്ധിമുട്ടാണ്. ഹൈഹീൽസ് ധരിച്ച് ഓടേണ്ടി വന്നാലോ പറയുകയും വേണ്ട. എന്നാൽ ഇപ്പോഴിതാ ഹൈഹീൽസ് ധരിച്ച് ഗിന്നസിലേക്ക് ഓടിക്കയറിയ ഒരു യുവതിയാണ് സമൂഹമാധ്യമങ്ങളിൽ അടക്കം ശ്രദ്ധ നേടുന്നത്. ഡെന്മാർക്ക് സ്വദേശിയായ മജ്‌കെൻ സിച്ലോ എന്ന യുവതിയാണ് ഹൈൽഹീൽഡ് ധരിച്ച് ട്രാക്കിലൂടെ ഓടി റെക്കോർഡ് നേട്ടത്തിൽ എത്തിയിരിക്കുന്നത്.
ഹൈഹീൽസ് ധരിച്ച് ഓടുന്ന യുവതിയുടെ വീഡിയോ ഗിന്നസ് വേൾഡ് റെക്കോർഡ്സിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചതോടെ നിരവധിപ്പേരാണ് വീഡിയോ ഏറ്റെടുത്തത്. യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ വളരെ അനായാസമാണ് ഹൈഹീൽസ് ധരിച്ച് മജ്‌കെൻ സിച്ലോ ഓടുന്നത്. 100 മീറ്റർ ദൂരം 13.557 സെക്കന്റിനുള്ളിലാണ് മജ്‌കെൻ ഓടിയെത്തിയത്.
ഏഴ് സെന്റീമീറ്റർ എങ്കിലും ഉയരമുള്ളതാണ് ഈ ചെരുപ്പിന്റെ ഹീൽസ്. അതുകൊണ്ടുതന്നെ സമൂഹമാധ്യമങ്ങളിലൂടെ ഹൈഹീൽസ് ധരിച്ച് ഓടുന്ന യുവതിയെ അഭിനന്ദിച്ച് നിരവധിപ്പേരാണ് എത്തുന്നത്. ഹൈഹീൽസിൽ മര്യാദയ്ക്ക് നടക്കാൻ പോലും തങ്ങൾക്ക് കഴിയില്ലെന്നും, ഇത് കാണുമ്പോൾ ഭയം തോന്നുന്നുവെന്നും ഒക്കെയാണ് പലരും വീഡിയോയ്ക്ക് കമന്റ് ചെയ്യുന്നത്.
Story Highlights:woman runs in high heels gets guinness world record