ഇന്ന് ലോക മാനസീകാരോഗ്യദിനം; മനസിന് നൽകാം അല്പം കരുതൽ
കണ്ണിന് കാണാൻ പോലും സാധ്യമാകാത്ത ഒരു വൈറസാണ് ഇന്ന് ലോകത്തെ മുഴുവൻ നിയന്ത്രിക്കുന്നത്. കൊറോണ വൈറസ് എന്ന മഹാവിപത്ത് തൊടുത്തുവിട്ട ആശങ്കയിലാണ് ലോകജനത. ഇത് കടുത്ത മാനസീക സമ്മർദ്ദത്തിലേക്കാണ് ജനങ്ങളെ കൊണ്ടെത്തിക്കുന്നതും. രോഗത്തോടുള്ള ഭീതിയും, ലോക്ക് ഡൗൺ സൃഷ്ടിച്ച ഏകാന്തതയും, ക്വാറന്റൈനും ഐസോലേഷനും സമ്മാനിക്കുന്ന ഭീതിയുമെല്ലാം ജനങ്ങളെ മാനസീകമായും ശാരീരികമായും തളർത്തുന്നുണ്ട്… ഏറെ വെല്ലുവിളികൾ നിറഞ്ഞ ഈ കാലഘട്ടത്തിൽ ജീവിക്കുന്ന നമുക്ക് ഇന്നേ ദിവസത്തിന്റെ പ്രാധാന്യം എന്താണെന്ന് തിരിച്ചറിയേണ്ടതും അത്യാവശ്യമാണ്.
ഇന്ന് ഒക്ടോബർ പത്ത്, ലോക മാനസീകാരോഗ്യ ദിനം. ലോകത്ത് നൂറു കോടിയിലധികം വരുന്ന ജനങ്ങൾ മാനസീക ബുദ്ധിമുട്ടുകൾ ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ജീവിതത്തിൽ ഉണ്ടാകുന്ന സമ്മർദ്ദങ്ങളെ അതിജീവിച്ച്, ഉത്തരവാദിത്വം നിറവേറ്റി, ജോലി ചെയ്ത് സമൂഹത്തിന് ഗുണകരമായി തീരുന്ന അവസ്ഥയാണ് മാനസികാരോഗ്യം. എന്നാൽ ഇക്കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കടന്നുപോകുന്നത് വിഷാദരോഗത്തിലേക്കാണ്.
ഇന്നത്തെ ജീവിതസാഹചര്യങ്ങൾ മിക്കവരിലും സ്ട്രെസ് പോലുള്ള രോഗാവസ്ഥയ്ക്ക് കാരണമാകുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. സ്ട്രെസ് തിരിച്ചറിഞ്ഞ് കൃത്യസമയത്ത് പരിഹരിച്ചില്ലെങ്കിൽ അത് വലിയ മാനസീക പ്രശ്നങ്ങളിലേക്കും മരണത്തിലേക്കും വരെ വഴിതെളിയിക്കും. അമിത സമ്മര്‍ദ്ദം നമ്മളില്‍ ആരോഗ്യപ്രശ്നത്തിനു കാരണമാകും. സ്ട്രെസ് അനുഭവപ്പെടുമ്പോള്‍ തലവേദന, ക്ഷീണം, എന്നിങ്ങനെ പല അസ്വസ്ഥതകളും അനുഭവപ്പെടാറുണ്ട്. ഹൃദയസംബന്ധമായ പ്രശ്നങ്ങളിലേക്കും പലപ്പോഴും മരണത്തിലേക്കും വരെ ഇത് കാരണമാകാറുണ്ട്. കൂടുതല്‍ മാനസിക സമ്മര്‍ദ്ദം നമ്മുടെ രക്തസമ്മര്‍ദ്ദത്തിലും പല വിധത്തിലാണ് മാറ്റങ്ങള്‍ വരുത്തുന്നത്. അതിനാല്‍ മാനസികാരോഗ്യം ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്.
ക്ഷീണം, നെഞ്ചുവേദന തുടങ്ങിയവയും സ്ട്രെസിന്റെ ഭാഗമാണ്. സ്ട്രെസ് ഹോർമോൺ അമിതമായാൽ അത് മുഖക്കുരുവിനു കാരണമാകും. ജോലിഭാരവും തിരക്കുകളും സ്ട്രെസിന് കരണമാകുന്നതിനൊപ്പം ചില ഒറ്റപെടലുകളും സ്ട്രെസിലേക്ക് വഴിതെളിയിക്കും. ഇതിന് മരണത്തിന് പോലും കാരണമാകാറുണ്ട്. ഇത്തരക്കാരിൽ ആത്മഹത്യാ പ്രവണതും വളരെയധികമാണ്.
കൃത്യമായ ഉറക്കം, ചിട്ടയായ ഭക്ഷണരീതി, വ്യായാമം, യോഗ, സുഹൃത്തുക്കളുമായുള്ള ഒത്തുകൂടലുകൾ, യാത്രകൾ തുടങ്ങിയവയൊക്കെ മനസിന് ഉത്സാഹവും സന്തോഷവും നൽകുന്ന കാര്യങ്ങളാണ്.
Story Highlights: world mental health day