സത്യജിത് റേയുടെ അപു ഇനി ഓർമ്മകളിൽ; വിഖ്യാത ബംഗാളി നടൻ സൗമിത്ര ചാറ്റർജിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് സിനിമാലോകം
പ്രശസ്ത ബംഗാളി നടൻ സൗമിത്ര ചാറ്റർജി അന്തരിച്ചു. 85 വയസ്സായിരുന്നു. കഴിഞ്ഞ മാസം കൊവിഡ് -19 പോസിറ്റീവായതിനെ തുടർന്ന് ചികിത്സയിലായിരുന്നു. ബെല്ലെ വ്യൂ ക്ലിനിക്കിൽ ഉച്ചയ്ക്ക് 12.15നായിരുന്നു മരണം. സൗമിത്ര ചാറ്റർജിയുടെ മരണത്തെത്തുടർന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആശുപത്രിയിലെത്തിയിരുന്നു. സിനിമാലോകത്തെ പ്രമുഖർ അദ്ദേഹത്തിന് ആദരാജ്ഞലികൾ അറിയിച്ചു.
സത്യജിത് റേയ്ക്കൊപ്പമുളള ചിത്രങ്ങളിലൂടെയാണ് സൗമിത്ര ചാറ്റർജി പ്രസിദ്ധനായത്. ലെജിയൻ ഓഫ് ഹോണർ, ദാദാസാഹേബ് ഫാൽക്കെ അവാർഡ്, ബംഗാ ബിഭൂഷൻ, പത്മഭൂഷൺ, തുടങ്ങി നിരവധി ദേശീയ അവാർഡുകൾ സ്വന്തമാക്കിയ വ്യക്തിയാണ് സൗമിത്ര ചാറ്റർജി. ഒക്ടോബർ ആറിനാണ് കൊൽക്കത്തയിലെ ബെല്ലെ വ്യൂ ക്ലിനിക് ആശുപത്രിയിൽ സൗമിത്ര ചാറ്റർജിയെ പ്രവേശിപ്പിച്ചത്.
ബംഗാളിലെ ഏറ്റവും പ്രശസ്തനായ നടനായിരുന്നു സൗമിത്ര ചാറ്റർജി. സത്യജിത് റേ ചിത്രങ്ങളാണ് സൗമിത്ര ചാറ്റർജിയെ പ്രസിദ്ധനാക്കിയത്. ഇവർ ഒരുമിച്ച് 14 സിനിമകൾ ചെയ്തിട്ടുണ്ട്. സത്യജിത് റേയുടെ 1959 ൽ പുറത്തിറങ്ങിയ അപൂർ സൻസാർ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്.പഥേർ പഞ്ചാലി ട്രൈലോജിയുടെ ഭാഗമായ ചിത്രമായിരുന്നു അത്. ചാരുലത, ദേവി, ടീൻ കന്യ, ഘരേ ബെയർ, ഗണാശത്രു, എന്നെ ചിത്രങ്ങളിലും സൗമിത്ര ചാറ്റർജി വേഷമിട്ടിരുന്നു. സത്യജിത് റേ സൃഷ്ടിച്ച ഡിറ്റക്ടീവ് ഫെലൂഡയുടെ വേഷത്തിലെത്തിയ ആദ്യത്തെ നടനും സൗമിത്രയായിരുന്നു.
Read More: കുഞ്ഞിനെ മുട്ടിലിഴയാൻ പഠിപ്പിക്കുന്ന നായക്കുട്ടി; സ്നേഹം നിറച്ചൊരു വീഡിയോ
2019ൽ സഞ്ജബതി എന്ന ചിത്രത്തിലാണ് സൗമിത്ര ചാറ്റർജി അവസാനമായി വേഷമിട്ടത്. ബംഗാൾ സിനിമാലോകത്തെ മഹാന്മാരായ മൃണാൾ സെൻ, ആകാശ് കുസും എന്നിവർക്കൊപ്പവും സൗമിത്ര ചാറ്റർജി പ്രവർത്തിച്ചിരുന്നു. 2012 ൽ ഇന്ത്യയിലെ മികച്ച ചലച്ചിത്ര ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ അവാർഡ് അദ്ദേഹത്തിന് ലഭിച്ചു. അന്തർധൻ, ദേഖ, പാഡോഖെപ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മൂന്ന് ദേശീയ അവാർഡുകളുടെയും ജേതാവായി. 2018 ൽ സിവിലിയൻ അവാർഡായ ഫ്രാൻസിന്റെ ലെജിയൻ ഓഫ് ഓണർ ലഭിച്ചു. 1989 ൽ സത്യജിത് റേയ്ക്കും ഇതേ അവാർഡ് ലഭിച്ചിരുന്നു.
Story highlights- Actor Soumitra Chatterjee Dies At 85