നിങ്ങളുടെ വാഹനം 2019 മാര്‍ച്ച് 31-ന് ശേഷമുള്ളതാണോ…? എങ്കില്‍ അറിഞ്ഞിരിക്കണം ചില കാര്യങ്ങള്‍
November 2, 2020
2019 ഏപ്രില്‍ മുതല്‍ നിരത്തിലിറങ്ങുന്ന എല്ലാ വാഹനങ്ങള്‍ക്കും ഹൈ സെക്യരിറ്റി നമ്പര്‍ പ്ലേറ്റുകള്‍ (HSRP) നിര്‍ബന്ധമാക്കിയിരുന്നു. ഇത്തരം നമ്പര്‍ പ്ലേറ്റുകളെക്കുറിച്ച് സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് നല്കുന്ന നിര്‍ദ്ദേശങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.
- 2019 ഏപ്രില്‍ ഒന്നു മുതലുള്ള എല്ലാ വാഹനങ്ങളിലും HSRP നിര്‍ബന്ധമാണ്.
- ഈ വാഹനങ്ങള്‍ക്കുള്ള HSRP വാഹന ഡീലര്‍ അധിക ചാര്‍ജ് ഈടാക്കാതെ നിങ്ങള്‍ക്ക് നല്കി വാഹനത്തില്‍ ഘടിപ്പിച്ചു തരേണ്ടതാണ്.
- അഴിച്ചു മാറ്റാന്‍ കഴിയാത്ത വിധം റിവെട്ട് ഫിറ്റിങ് വഴിയാണ് ഇത് വാഹനത്തില്‍ പിടിപ്പിച്ചു നല്‍കുന്നത്. ശ്രദ്ധിക്കുക – ഡീലര്‍ നിങ്ങള്‍ക്ക് ഘടിപ്പിച്ച് നല്‍കേണ്ടതാണ്.
- ഇരുചക്ര വാഹനങ്ങളില്‍ മുന്നിലും പിറകിലുമായി രണ്ട് HSRP കള്‍ ഉണ്ടാകും. അതേ സമയം കാറുകള്‍ മുതലുള്ള വാഹനങ്ങളില്‍ ഈ രണ്ടിനു പുറമെ വിന്‍ഡ് സ്ക്രീനില്‍ പതിപ്പിക്കാന്‍ തേര്‍ഡ് നമ്പര്‍ പ്ലേറ്റ്/സ്റ്റിക്കറും ഉണ്ടാകും.
- മുന്നിലെയും പിന്നിലെയും നമ്പര്‍ പ്ലേറ്റുകള്‍ക്ക് പ്രത്യേകം സീരിയല്‍ നമ്പര്‍ കാണും. ഇത് വാഹന്‍ സൈറ്റില്‍ വേര്‍തിരിച്ചു രേഖപ്പെടുത്തിയിരിക്കും.
- ഒരു വാഹനത്തില്‍ പിടിപ്പിച്ചിട്ടുള്ള HSRP യാതൊരു കാരണവശാലും ഇളക്കി മാറ്റാനോ മറ്റു വാഹനങ്ങളില്‍ പിടിപ്പിക്കുവാനോ പാടുള്ളതല്ല.
- അപകടങ്ങളോ മറ്റേതെങ്കിലും കാരണങ്ങളാലോ HSRP ക്ക് കേടുപാടുകള്‍ പറ്റിയാല്‍, ആ കേടുപറ്റിയ HSRP ഡീലര്‍ഷിപ്പില്‍ തിരികെ നല്കി പുതിയ HSRP വാങ്ങാം. ഇതിന് വില നല്‍കേണ്ടതാണ്. ഇങ്ങനെ കേടുപറ്റി തിരികെ വന്ന HSRP കളെ ക്കുറിച്ചുള്ള തെളിവു സഹിതമുള്ള രേഖകള്‍ സൂക്ഷിക്കേണ്ട ഉത്തരവാദിത്വവും വാഹന്‍ സൈറ്റില്‍ ഈ വിവരങ്ങള്‍ ഉള്‍ക്കൊള്ളിക്കേണ്ട ഉത്തരവാദിത്വവും അതത് ഡീലര്‍/HSRP ഇഷ്യൂയിംഗ് ഏജന്‍സിക്കാണ്.
- ടു വീലറില്‍ ഏതെങ്കിലും ഒരു HSRP ക്ക് മാത്രമാണ് കേടുപറ്റിയതെങ്കില്‍ ആ ഒരെണ്ണം മാത്രമായി തിരികെ നല്കി മാറ്റി വാങ്ങാവുന്നതാണ്. ആ ഒരെണ്ണത്തിന്റെ വില മാത്രം നല്കിയാല് മതിയാകും.
- കാര്‍ മുതലുള്ള വാഹനങ്ങളിലും ആവശ്യമെങ്കില്‍ ഒരു നമ്പര്‍ പ്ലേറ്റ് മാത്രമായി മാറ്റി വാങ്ങാവുന്നതാണ്. എന്നാല്‍ ഇവിടെ അത്തരം സാഹചര്യത്തില്‍ ഒരെണ്ണത്തിന്റെ കൂടെ വിന്‍ഡ് സിക്രീനില്‍ പതിപ്പിക്കേണ്ട തേര്‍ഡ് നമ്പര്‍ പ്ലേറ്റ് / സ്റ്റിക്കറും കൂടെ വാങ്ങേണ്ടതാണ്. തേര്‍ഡ് നമ്പര്‍ പ്ലേറ്റ് / സ്റ്റിക്കര്‍ കേടായാല്‍ അത് മാത്രമായും മാറ്റി വാങ്ങാവുന്നതാണ്.
- ഏതെങ്കിലും സാഹചര്യത്തില്‍ ഇത്തരം നമ്പര്‍ പ്ലേറ്റ് നഷ്ടപ്പെട്ടാല്‍, ഉടന്‍ തന്നെ ആ വിവരം പോലീസിലറിയിച്ച് FIR രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ആ FIR പകര്‍പ്പുള്‍പ്പെടെ നല്കിയാല് മാത്രമേ പുതിയ ഹൈ സെകൂരിറ്റി രജിസ്ട്രേഷന് നമ്പര്‍ പ്ലേറ്റ് നല്‍കുകയുള്ളൂ.
ശ്രദ്ധിക്കുക – ക്രിമിനല്‍ പ്രവര്‍ത്തികള്‍ക്കായി വാഹനങ്ങള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഈ കാലഘട്ടത്തില്‍, ഹൈ സെകൂരിറ്റി രജിസ്ട്രേഷന് നമ്പര്‍ പ്ലേറ്റ് വാഹനത്തോളം പ്രധാന്യമുള്ള ഭാഗമാണ്. അത് ഇളക്കി മാറ്റുന്നതും നിയമ വിരുദ്ധമായ മാറ്റങ്ങള്‍ വരുത്തുന്നതും ഗുരുതര കുറ്റകൃത്യമാണ്.
Story highlights: High Security Number Plates In Vehicles MVD Kerala