മിന്നിമറയുന്ന ഭാവാഭിനയം; ശ്രദ്ധനേടി ജയസൂര്യയുടെ ‘സണ്ണി’ ടീസർ

മികച്ച കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച് ജനപ്രീതി നേടിയ താരമാണ് ജയസൂര്യ. അതുകൊണ്ടുതന്നെ താരത്തിന്റെ ചിത്രങ്ങളെ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കാറുള്ളതും. ഇപ്പോഴിതാ ജയസൂര്യയുടെ നൂറാമത് ചിത്രം സണ്ണിയുടെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. 30 സെക്കന്റ് മാത്രം ദൈർഘ്യമുള്ള ടീസറിലെ ജയസൂര്യയുടെ അഭിനയം തന്നെയാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും ഏറെ ആകർഷകമാണ്.
ചിത്രം സംവിധാനം ചെയ്യുന്നത് രഞ്ജിത്ത് ശങ്കറാണ്. ഡ്രീംസ് ആൻഡ് ബിയോണ്ട്സിന്റെ ബാനറിൽ രഞ്ജിത്തും ജയസൂര്യയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിൽ സംഗീതജ്ഞനായാണ് ജയസൂര്യ എത്തുന്നത്. കൊച്ചിയാണ് സിനിമയുടെ പ്രധാന ലൊക്കേഷൻ. പുതുമയാർന്ന പ്രമേയവുമായെത്തുന്ന ചിത്രത്തിന്റെ ടൈറ്റിൽ ടീസർ നേരത്തെ സംവിധായകൻ രഞ്ജിത്ത് ശങ്കർ പങ്കുവെച്ചിരുന്നു.
പുണ്യാളൻ, സു സു സുധി വാത്മീകം, പ്രേതം, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്, ഞാൻ മേരിക്കുട്ടി, പ്രേതം- 2 തുടങ്ങിയ ചിത്രങ്ങളാണ് രഞ്ജിത്ത്- ജയസൂര്യ കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രങ്ങൾ.
അതേസമയം സൂഫിയും സുജാതയും ആണ് താരത്തിന്റേതായി ഏറ്റവും ഒടുവില്‍ പ്രേക്ഷകരിലേക്കെത്തിയ ചിത്രം. അതിഥി റാവു ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നു. നരണിപ്പുഴ ശ്രീനിവാസ് സംവിധാനം നിര്‍വഹിച്ച ചിത്രം നിര്‍മിച്ചിരിക്കുന്നത് വിജയ് ബാബു ആണ്.
Story Highlights; Jayasurya Sunny official Teaser