‘റാമി’ന്റെയും ‘ദൃശ്യം 2’ന്റെയും എഡിററിംഗ് ഒരേസമയം; ചിത്രം പങ്കുവെച്ച് ജീത്തു ജോസഫ്
ജീത്തു ജോസഫിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്ന ‘ദൃശ്യം 2’ ഷൂട്ടിംഗ് പൂർത്തിയാക്കിയിരുന്നു. 56 ദിവസത്തെ ഷെഡ്യൂൾ 46 ദിവസം കൊണ്ട് അവസാനിപ്പിക്കാൻ സാധിച്ച സന്തോഷം ജീത്തു ജോസഫ് പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ, ചിത്രത്തിന്റെ എഡിററിംഗും ആരംഭിച്ചിരിക്കുകയാണ്.
മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് തന്നെ സംവിധാനം ചെയ്യുന്ന റാം എന്ന ചിത്രത്തിന്റെ എഡിറ്റിംഗും ഒരേസമയത്ത് പുരോഗമിക്കുകയാണ്. രണ്ടു ചിത്രങ്ങളുടെയും എഡിററിംഗ് ഒന്നിച്ച് നടക്കുന്ന ചിത്രം ജീത്തു ജോസഫ് തന്നെയാണ് പങ്കുവെച്ചത്.
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 2. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തൊടുപുഴയിലാണ് സിനിമ ചിത്രീകരിച്ചത്. ഒരു കുടുംബ ചിത്രമായാണ് ആദ്യ ഭാഗത്ത് നിന്നും വ്യത്യസ്തമായി ദൃശ്യം 2 ഒരുങ്ങുന്നത്. അതുകൊണ്ടുതന്നെ തികച്ചും കുടുംബാന്തരീക്ഷത്തിലാണ് ചിത്രീകരണം നടന്നത്.
ഷൂട്ടിംഗ് ആരംഭിക്കുന്നതിന് മുന്നോടിയായി താരങ്ങളെല്ലാം കൊവിഡ് പരിശോധന പൂർത്തിയാക്കിയിരുന്നു. ജീത്തു ജോസഫ് തന്നെ രചനയും സംവിധാനവും നിർവഹിക്കുന്ന ദൃശ്യം 2 ഒന്നാം ഭാഗത്തിന്റെ തുടർച്ചയല്ല. മോഹൻലാലിനൊപ്പം മീന, അൻസിബ, എസ്തർ എന്നിവരാണ് കുടുംബാംഗങ്ങളായി എത്തുന്നത്. ആശ ശരത്ത്, സിദ്ദിഖ്, സായ് കുമാർ, മുരളി ഗോപി, ഗണേഷ് കുമാർ, സുമേഷ്,അഞ്ജലി നായർ, ആദം അയൂബ്, അജിത് കൂത്താട്ടുകുളം എന്നിവരും ദൃശ്യം 2 വിൽ വേഷമിടുന്നു. കൊച്ചിയിലും തൊടുപുഴയിലുമായാണ് ചിത്രീകരണം നടന്നത്.
അതേസമയം, മോഹൻലാലിനെയും തൃഷയെയും കഥാപാത്രങ്ങളാക്കി സംവിധായകൻ ജീത്തു ജോസഫ് ഒരുക്കുന്ന ചിത്രമാണ് ‘റാം’. ചിത്രീകരണം പാതിവഴിയിലെത്തിയപ്പോഴാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. വിദേശത്താണ് ബാക്കി ചിത്രീകരണം നടക്കേണ്ടിയിരുന്നത്. വൈറസ് ഭീഷണി യു കെയിലും ഉസ്ബക്കിസ്ഥാനിലും നിയന്ത്രണവിധേയമായാൽ ഷൂട്ടിങ് ആരംഭിക്കും.
Story highlights- jeethu joseph about drishyam 2 and ram movie