പിറന്നാൾ നിറവിൽ കുഞ്ചാക്കോ; ഫസ്റ്റ് ലുക്ക് പങ്കുവെച്ച് ‘മോഹൻകുമാർ ഫാൻസ്’

43- ആം ജന്മദിനം ആഘോഷിക്കുകയാണ് മലയാളികളുടെ സ്വന്തം ചോക്ലേറ്റ് ഹീറോ കുഞ്ചാക്കോ ബോബൻ. ചിത്രങ്ങളും വീഡിയോകളുമായി വ്യത്യസ്തമായ രീതിയിൽ താരത്തിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിപ്പേർ എത്തുന്നുണ്ട്. ഇപ്പോഴിതാ പിറന്നാൾ ദിനത്തിൽ താരം മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘മോഹൻകുമാർ ഫാൻസ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.
ജിസ് ജോയ് സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് ‘മോഹൻകുമാർ ഫാൻസ്’. പുതുമുഖം അനാർക്കലി നാസറാണ് ചിത്രത്തിലെ നായിക. ബോബി സഞ്ജയും ജിസ് ജോയിയും ചേർന്നാണ് ചിത്രത്തിന് കഥ എഴുതിയിരിക്കുന്നത്. കൃഷ്ണകുമാർ, ശ്രീനിവാസൻ, സൈജു കുറുപ്പ്, വിനയ് ഫോർട്ട്, ബേസിൽ ജോസഫ്, രമേശ് പിഷാരടി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
അതേസമയം, നിരവധി ചിത്രങ്ങളാണ് കുഞ്ചാക്കോ ബോബൻ നായകനായി അണിയറയിൽ ഒരുങ്ങുന്നത്. ‘പട’, ‘മറിയം ടെയ്ലേഴ്സ്’, ‘ഗിർ’ എന്നീ ചിത്രങ്ങളിലാണ് കുഞ്ചാക്കോ ബോബൻ ഇനി വേഷമിടുന്നത്. ലോക്ക് ഡൗണിന് ശേഷം ചിത്രീകരണം പുനഃരാരംഭിച്ച ‘നായാട്ട്’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയതായി കുഞ്ചാക്കോ ബോബൻ മുൻപ് പങ്കുവെച്ചിരുന്നു. ജോജു ജോർജ്, നിമിഷ സജയൻ എന്നിവരാണ് നായാട്ടിലെ മറ്റ് പ്രധാന താരങ്ങൾ. ചിത്രത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥനായ പ്രവീൺ മൈക്കിളായാണ് കുഞ്ചാക്കോ ബോബൻ എത്തുന്നത്.
അതേസമയം നിഴൽ എന്ന ചിത്രവും താരത്തിന്റേതായി ഒരുങ്ങുന്നുണ്ട്. ചിത്രത്തിൽ നയൻതാരയ്ക്ക് ഒപ്പമാണ് കുഞ്ചാക്കോ ബോബൻ വേഷമിടുന്നത്. 12 വർഷങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ്സി നിഴൽ. കുഞ്ചാക്കോ ബോബനും നയൻതാരയും ട്വന്റി-20 എന്ന ചിത്രത്തിൽ ഒരു ഗാനരംഗത്തിൽ ഒന്നിച്ച് എത്തിയിരുന്നു.
Story Highlights: Mohankumar Fans first look