മൂന്ന് അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ കൂടി സ്വന്തമാക്കി ‘മൂത്തോൻ’- സന്തോഷം പങ്കുവെച്ച് ഗീതു മോഹൻദാസ്

ഏറെ പ്രശംസ നേടിയ ചിത്രമാണ് ഗീതു മോഹൻദാസ് സംവിധാനം ചെയ്ത മൂത്തോൻ. നിവിൻ പോളിയും റോഷൻ മാത്യുവും ശശാങ്ക് അറോറയും സഞ്ജന ദിപുവുമായിരുന്നു ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ അംഗീകാരങ്ങൾ നേടിയ മൂത്തോൻ ഇപ്പോഴിതാ, പുതിയ പുരസ്കാരങ്ങളും സ്വന്തമാക്കുകയാണ്.

മൂന്ന് അവാർഡുകളാണ് ചിത്രത്തെ തേടി എത്തിയിരിക്കുന്നത്. സിൻസിനാറ്റി അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച സഹനടൻ, മികച്ച ബാലതാരം, മികച്ച തിരക്കഥാകൃത്ത് എന്നീ പുരസ്കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. മികച്ച സഹനടനുള്ള പുരസ്കാരം ശശാങ്ക് അറോറയ്ക്കും മികച്ച ബാലതാരത്തിനുള്ള പുരസ്കാരം സഞ്ജന ദിപുവിനും മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം ഗീതു മോഹൻദാസിനുമാണ് ലഭിച്ചിരിക്കുന്നത്.

ഗീതു മോഹൻദാസ് തന്നെയാണ് പുരസ്‌കാര വാർത്ത പങ്കുവെച്ചത്. പലരും തുറന്നു പറയാൻ മടിക്കുന്ന സ്വവർഗ പ്രണയത്തിന്റെ ആഴവും പരപ്പും തുറന്നുപറഞ്ഞ ചിത്രമാണ് തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ‘മൂത്തോൻ’. നിവിൻ പോളിക്കൊപ്പം റോഷൻ മാത്യുവും പുതുമുഖ താരം സഞ്ജനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. നിരവധി ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച ശേഷമാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്‌തത്‌.

Read More: കണ്ണിന്റെ വരൾച്ചയ്ക്ക് പിന്നിലെ കാരണങ്ങളും പ്രതിവിധിയും

മുംബൈയില്‍ വെച്ചു നടന്ന ജിയോ മാമി ഫിലിം ഫെസ്റ്റിവലിലും ‘മൂത്തോന്‍’ നിറഞ്ഞ കൈയടി നേടിയിരുന്നു. ഗീതു മോഹന്‍ദാസാണ് ചിത്രത്തിന് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ടൊറന്റോ ഇന്റര്‍നാഷ്ണല്‍ ഫിലിം ഫെസ്റ്റിവലില്‍ സ്‌പെഷ്യല്‍ പ്രെസന്റേഷന്‍ നിരയില്‍ പ്രദര്‍ശിപ്പിച്ചപ്പോഴും മികച്ച പ്രതികരണമാണ് ‘മൂത്തോന്‍’ എന്ന ചിത്രത്തിന് ലഭിച്ചത്.

Story highlights- Moothon wins 3 international awards