അന്താരാഷ്ട്ര പുരസ്‌കാര നിറവില്‍ ‘മൂത്തോന്‍’

February 3, 2020

നിവിന്‍ പോളിയെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം നിര്‍വഹിച്ച ചിത്രമാണ് ‘മൂത്തോന്‍’. ചലച്ചിത്രമേളകളിലും തിയേറ്ററുകളിലും ശ്രദ്ധ നേടിയ ചിത്രത്തെത്തേടി ഒരു അംഗീകാരമെത്തിയിരിക്കുന്നു. പാരിസില്‍ നടന്ന സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലായ ‘ഫെസ്റ്റിവല്‍ ടു ഫിലിം ദി ഏഷ്യ ദി സുദു’ എന്ന മേളയിലാണ് മികച്ച ചിത്രമായി ‘മൂത്തോന്‍’ തിരഞ്ഞെടുക്കപ്പെട്ടത്. പുരസ്‌കാര വിശേഷം സമൂഹമാധ്യമങ്ങളിലൂടെ ഗീതു മോഹന്‍ദാസ് പങ്കുവെച്ചു. ‘ഗീതു നിങ്ങളിത് ഡിസേര്‍വ് ചെയ്യുന്നു’ എന്നു നിവിന്‍ പോളിയും ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

വ്യത്യസ്തമായ കഥാപ്രമേയം കൊണ്ടും വേറിട്ട അവതരണരീതികൊണ്ടും ‘മൂത്തോന്‍’ ശ്രദ്ധ നേടി. ലക്ഷദ്വീപില്‍ നിന്നും തന്റെ ചേട്ടനെ തിരഞ്ഞ് മുംബൈയിലേയ്ക്ക് പോകുന്ന ഒരു യുവാവിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. മലയാളത്തിലും ഹിന്ദിയിലുമായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ലക്ഷദ്വീപിലും മുംബൈയിലുമായിട്ടായിരുന്നു സിനിമയുടെ ചിത്രീകരണം.

‘മൂത്തോന്‍’ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ഗീതു മോഹന്‍ദാസിന്റെ ഭര്‍ത്താവ് രാജീവ് രവിയാണ്. പ്രശസ്ത ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപാണ് ചിത്രത്തിന്റെ ഹിന്ദി സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാള്‍ കൂടിയാണ് അനുരാഗ് കശ്യപ്.

Read more: കടലിന്റെ അടിത്തട്ടില്‍ ചിറകുകള്‍ ഉപയോഗിച്ച് നടന്നു നീങ്ങുന്ന സ്രാവുകള്‍: വീഡിയോ

ബി. അജിത്കുമാര്‍, കിരണ്‍ ദാസ് എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത്. അനുരാഗ് കശ്യപ്, വിനോദ് കുമാര്‍, അജയ് ജി റായ്, അലന്‍ മാക് അലക്‌സ്എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. നിവിന്‍ പോളിയെ കൂടാതെ സഞ്ജന ദീപു, ശശാങ്ക് അറോറ, ശോഭിത ധുലിപാല, റോഷന്‍ മാത്യു, ദിലീഷ് പോത്തന്‍, ഹരീഷ് ഖന്ന, സുജിത് ശങ്കര്‍, മെലീസ രാജു തോമസ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനേതാക്കളായെത്തുന്നു.