മുറിവേറ്റ മുഖം മറച്ച് കുഞ്ചാക്കോ ബോബൻ- 32 സംവിധായകർ ചേർന്ന് പങ്കുവെച്ച ‘നിഴൽ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ
കുഞ്ചാക്കോ ബോബനും നയൻതാരയും ഒന്നിക്കുന്ന നിഴൽ ചിത്രീകരണം പുരോഗമിക്കുകയാണ്. കുഞ്ചാക്കോ ബോബന്റെ പിറന്നാൾ ദിനത്തിൽ നിഴലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. കുഞ്ചാക്കോ ബോബനൊപ്പം പ്രവർത്തിച്ചിട്ടുള്ള 32 സംവിധായകർ ചേർന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്. ഫാസിൽ, സിബി മലയിൽ, അനിൽ രാധാകൃഷ്ണൻ മേനോൻ, സുഗീത്, ഷാഫി, ലാൽ ജോസ്, രഞ്ജിത്ത് ശങ്കർ, എബ്രിഡ് ഷൈൻ, മഹേഷ് നാരായണൻ എന്നി സംവിധായകരുടെ പട്ടിക.
മുറിവേറ്റ മുഖം മറച്ചുകൊണ്ട് കറുത്ത മുഖംമൂടി ധരിച്ചുനിൽക്കുകയാണ് കുഞ്ചാക്കോ ബോബൻ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ. നയൻതാര നായികയായി അഭിനയിക്കുന്ന ചിത്രം ഇപ്പോൾ എറണാകുളത്ത് ചിത്രീകരണം പുരോഗമിക്കുകയാണ്. സംസ്ഥാന അവാർഡ് നേടിയ എഡിറ്റർ അപ്പു എൻ ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് നിഴൽ.
ത്രില്ലർ ചിത്രമാണ് നിഴൽ. ചിത്രത്തിന്റെ ഭൂരിഭാഗവും എറണാകുളത്ത് ചിത്രീകരിക്കും. കേരളത്തിന് പുറത്ത് രണ്ട് ദിവസത്തെ ഷൂട്ടിംഗ് മാത്രമാണുള്ളത്. വളരെ കുറച്ച് ശ്രദ്ധേയരായ അഭിനേതാക്കൾ മാത്രമാണ് ചിത്രത്തിലുള്ളത്. നവാഗതനായ സഞ്ജീവ് തിരക്കഥയെഴുതുന്ന സിനിമയുടെ ക്രിയേറ്റിവ് വിഭാഗത്തിൽ തീവണ്ടി സംവിധായകൻ ഫെല്ലിനിയുമുണ്ട്. ശക്തമായ സ്ത്രീ കഥാപാത്രത്തെയാണ് നയൻതാര ചിത്രത്തിൽ കൈകാര്യം ചെയ്യുന്നത്.
ചിത്രത്തിന്റെ ഷൂട്ടിംഗിനായി 25 ദിവസത്തേക്ക് നയൻതാര കൊച്ചിയിലേക്ക് എത്തി. കുഞ്ചാക്കോ ബോബനും നയൻതാരയും ട്വന്റി-20 എന്ന ചിത്രത്തിൽ ഒരു ഗാനരംഗത്തിൽ ഒന്നിച്ച് എത്തിയിരുന്നു. 12 വർഷങ്ങൾക്ക് ശേഷം ഇരുവരും സിനിമയ്ക്കായി ഒന്നിക്കുമ്പോൾ ആരാധകരും പ്രതീക്ഷയിലാണ്.
Read More: 101 കിലോയിൽ നിന്നും 70ലേക്ക് ശരീരഭാരം കുറച്ച് സിമ്പു- ആത്മസമർപ്പണത്തിന് അഭിനന്ദനവുമായി സഹോദരി
അതേസമയം, അഞ്ചാം പാതിരയ്ക്ക് ശേഷം വീണ്ടും ത്രില്ലർ ചിത്രത്തിൽ അഭിനയിക്കുന്ന ആവേശത്തിലാണ് കുഞ്ചാക്കോ ബോബൻ. അണ്ണാത്തെ എന്ന ചിത്രത്തിലാണ് നയൻതാര ഇനി വേഷമിടുന്നത്.
Story highlights- nizhal first look poster