എസിപി സത്യജിത്തായി പൃഥ്വിരാജ്; ശ്രദ്ധനേടി ലൊക്കേഷൻ ചിത്രങ്ങൾ

പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കോൾഡ് കേസ്. തിരുവനന്തപുരത്ത് ചിത്രീകരണം നടക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് തനു ബാലക്കാണ്. അന്വേഷണ ഉദ്യോഗസ്ഥൻ എസിപി സത്യജിത്തായി പൃഥ്വിരാജ് വേഷമിടുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് അദിതി ബാലനാണ്. ഗിരീഷ് ഗംഗാധരനും ജോമോന്.ടി. ജോണും ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രം ആന്റോ ജോസഫും പ്ലാന്‍ ജെ സ്റ്റുഡിയോയുടെ ബാനറില്‍ ജോമോന്.ടി.ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവരും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.
ഇപ്പോഴിതാ ചിത്രത്തിലെ പൃഥ്വിരാജിന്റെ പോലീസ് വേഷത്തിലുള്ള ചിത്രങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. സത്യം, മുംബൈ പോലീസ്, ടമാർ പടാർ, മെമ്മറീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം പൃഥ്വിരാജ് വേഷമിടുന്ന ചിത്രമാണ് കോൾഡ് കേസ്.
അതേസമയം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ‘ജനഗണമന’ എന്ന സിനിമയാണ് പൃഥ്വിരാജിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. പൃഥ്വിരാജ് അഭിഭാഷകന്റെ വേഷത്തിലെത്തുന്ന ചിത്രമാണ് ‘ജനഗണമന’. ‘ഡ്രൈവിംഗ് ലൈസൻസി’ന് ശേഷം പൃഥ്വിരാജ് സുകുമാരനും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ‘ക്വീൻ’ എന്ന ചിത്രത്തിന് ശേഷം ഡിജോ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജനഗണമന’.
സച്ചി സംവിധാനം ചെയ്യാനിരുന്ന വിലായത്ത് ബുദ്ധ എന്ന ചിത്രത്തിലും പൃഥ്വിരാജാണ് പ്രധാന കഥാപാത്രമായെത്തുന്നത്. വിലായത്ത് ബുദ്ധ എന്ന ഇന്ദുഗോപന്റെ നോവലിന്റെ പശ്ചാത്തലത്തിലാണ് ഈ സിനിമയൊരുങ്ങുന്നത്. സച്ചിയുടെ അസോസിയേറ്റ് ആയിരുന്ന ജയന് നമ്പ്യാരാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Story Highlights: Prithviraj Sukumaran starring as police officer in cold case