‘മമ്മൂക്കയുടെ ക്ലോസപ്പ് ഷോട്ടിൽ ‘വണ്ണി’ന്റെ ചിത്രീകരണം തുടങ്ങണം എന്നായിരുന്നു ആഗ്രഹം’- ചിത്രം പങ്കുവെച്ച് സന്തോഷ് വിശ്വനാഥ്

മമ്മൂട്ടി മുഖ്യമന്ത്രിയായി എത്തുന്ന ചിത്രമാണ് ‘വൺ’. ഏപ്രിലിൽ തിയേറ്ററുകളിൽ എത്താനിരുന്ന ചിത്രം കൊവിഡ് പ്രതിസന്ധി കാരണം നീളുകയായിരുന്നു. കാത്തിരിപ്പ് നീളുന്ന വേളയിൽ സിനിമയുടെ വിശേഷങ്ങൾ ചിത്രങ്ങളിലൂടെ പങ്കുവയ്ക്കുന്നുണ്ട് സംവിധായകൻ സന്തോഷ് വിശ്വനാഥ്.

സിനിമയുടെ ആദ്യ ഷോട്ടിന്റെ ഫോട്ടോ പങ്കുവയ്ക്കുകയാണ് സംവിധായകൻ. ‘വൺ ഷൂട്ടിന്റെ ആദ്യ ദിവസത്തെ ആദ്യ ഷോട്ട് മമ്മൂക്കയുടെ ക്ലോസപ്പ് ആയിരിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. റിമോട്ട് ഉപയോഗിച്ച് ലൈറ്റ് ഓൺ ചെയ്യുന്ന മമ്മൂക്കയുടെ ഈ ഷോട്ട് ആയിരുന്നു ആദ്യ ഷോട്ട്. ആദ്യ ടേക്കിൽ തന്നെ ഓക്കേ ആയി’- സന്തോഷ് ചിത്രത്തിനൊപ്പം കുറിക്കുന്നു.

ഒരു മുഖ്യമന്ത്രി എങ്ങനെ ആയിരിക്കണം എന്നതിന്റെ അടിസ്ഥാനത്തിൽ ബോബി, സഞ്ജയ് എന്നിവർ തിരക്കഥയെഴുതിയ ചിത്രമാണ് വൺ. ചിത്രത്തിൽ കേരളത്തിന്റെ മുഖ്യമന്ത്രിയായ കടക്കൽ ചന്ദ്രനായി മമ്മൂട്ടി വേഷമിടുന്നു. നിരവധി പ്രമുഖതാരനിരകൾ അണിനിരക്കുന്ന ചിത്രം ഇച്ചായിസ് പ്രൊഡക്ഷന്റെ ബാനറാണ് നിർമിക്കുന്നത്.

Read More: ‘മലയാള സിനിമയിലെ 15 സുവർണ്ണ വർഷങ്ങൾ’ -സൈജു കുറുപ്പിനായി ആഘോഷം ഒരുക്കി മേപ്പടിയാൻ ടീം

രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രത്തിൽ പാർട്ടി സെക്രട്ടറിയായി ജോജു ജോർജും എത്തുന്നുണ്ട്. പ്രതിപക്ഷ നേതാവായി മുരളി ഗോപിയും ചിത്രത്തിൽ വേഷമിടുന്നു. ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന ചിത്രത്തിന് ശേഷം സന്തോഷ് വിശ്വനാഥ്‌ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് വണ്‍. 

Story highlights- Santhosh Viswanath shares the first shot from one movie