തകര്‍ന്നു കിടക്കുന്ന കപ്പല്‍ പോലെ; ഡാന്‍സിങ് ഹൗസിന്റെ നാട്ടില്‍ മറ്റൊരു വിസ്മയവും
മനുഷ്യന്റെ നിര്‍മിതികള്‍ പലപ്പോഴും അതിശയിപ്പിക്കാറുണ്ട്. ചിലപ്പോള്‍ ഒരു വീടിന്റെ ഭംഗി പോലും കാഴ്ചക്കാരില്‍ കൗതുകം നിറയ്ക്കും. ചെക്ക് റിപബ്ലിക്കിന്റെ തലസ്ഥാനമായ പ്രേഗില്‍ തികച്ചും വ്യത്യസ്തമായ ഒരു കെട്ടിടമുയരുന്നു. ആദ്യ കാഴ്ചയില്‍ തകര്‍ന്നു കിടക്കുന്ന ഒരു കപ്പല്‍ പോലെയാണ് ഈ കെട്ടിടം കണ്ടാല്‍ തോന്നുക.
135 അടിയോളം ഉയരത്തിലാണ് ഈ കെട്ടിടം നിര്‍മിക്കുന്നത്. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ചെക്ക് റിപ്പബ്ലിക്കിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടം എന്ന ബഹുമതിയും ഈ കപ്പല്‍ ബില്‍ഡിങ് സ്വന്തമാക്കും. 84.5 മില്യണ്‍ ഡോളറാണ് നിര്‍മാണ ചെലവായി പ്രതീക്ഷിക്കുന്നത്. നിലവിലെ സാഹചര്യമനുസരിച്ച് അടുത്ത വര്‍ഷം കെട്ടിടത്തിന്റെ നിര്‍മാണം ആരംഭിക്കുമെന്നാണ് കരുതുന്നത്.
അതേസമയം പ്രേഗിലെ ഡാന്‍സിങ് ഡാന്‍സിങ് ഹൗസ് ലോകശ്രദ്ധ നേടിയിട്ടുള്ള മറ്റൊരു ബില്‍ഡിങ് ആണ്. ഒറ്റ നോട്ടത്തില്‍ ഈ കെട്ടിടം കാണുമ്പോള്‍ രണ്ട് ഇണകള്‍ പരസ്പരം ചേര്‍ന്ന് നൃത്തം ചെയ്യുന്നതാണെന്നേ തോന്നൂ. അതുകൊണ്ടാണ് ഡാന്‍സിങ് ഹൗസ് എന്ന പേരും വന്നത്. ഒരേസമയം വിവാദവും വിസ്മയവും നിറയ്ക്കുന്ന കൊട്ടാരം എന്നും ഡാന്‍സിങ് ഹൗസ് അറിയപ്പെടുന്നു.
ഡാന്‍സിങ് മാതൃകയാണ് കെട്ടിടത്തിന്റെ വിസ്മയത്തിന് കാരണം. ഇനി വിവാദങ്ങളുടെ കാരണത്തെക്കുറിച്ച്. കമ്മ്യൂണിസ്റ്റ് ഭരണത്തില്‍ നിന്നും ജനാധിപത്യ ഭരണത്തിലേക്ക് മാറിയ ചെക്കോസ്ലോവാക്യയേയും ഈ കെട്ടിടം പ്രതിനിധീകരിക്കുന്നു. അതുകൊണ്ടുതന്നെ നിര്‍മാണ സമയത്ത് കെട്ടിടത്തെക്കുറിച്ച് നിരവധി വിവാദങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ ഇന്ന് വിവാദങ്ങളേക്കാള് വിസ്മയമാണ് ഈ ഡാന്‍സിങ് ഹൗസിനെ ശ്രദ്ധേയമാക്കുന്നത്.
Read more: തലമുടികൊണ്ട് റെക്കോര്‍ഡ് സൃഷ്ടിച്ച ഇന്ത്യന്‍ പെണ്‍കുട്ടി
1960-ല്‍ ക്രോയേഷ്യന്‍- ചെക്ക് വാസ്തു ശില്പിയായ മിലുനിക് ആണ് വിത്യസ്തമായ ഈ നിര്‍മിതിയുടെ ആശയം മുന്നോട്ടുവെച്ചത്. തുടര്‍ന്ന് മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഡാന്‍സിങ് ഹൗസ് പൂര്‍ത്തിയായി. ഇക്കാലത്ത് അറിയപ്പെടുന്ന ഒരു വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ് മനോഹരമായ ഈ ഡാന്‍സിങ് ഹൗസ്.
ഡാന്‍സിങ് ഹൗസ് നിര്‍മിച്ച സ്ഥലത്ത് മുമ്പ് മറ്റൊരു നവോത്ഥാന നിര്‍മിതിയുണ്ടായിരുന്നു. എന്നാല്‍ 1945 ലെ ബോംബാക്രമണത്തില്‍ ആ കെട്ടിടം തകര്‍ന്നുവീണു. അതിന്റെ അവശേഷിപ്പുകള്‍ എല്ലാം നീക്കം ചെയ്താണ് ഡാന്‍സിങ് ഹൗസ് നിര്‍മിച്ചത്. ചരിത്രപ്രസിദ്ധമായ സ്ഥലത്ത് നിര്‍മിച്ചതുകൊണ്ടും ഡാന്‍സിങ് ഹൗസ് നിര്‍മാണ സമയത്ത് വിവാദങ്ങള്‍ക്ക് കാരണമായി.
വര്‍ഷങ്ങള്‍ ഏറെ പിന്നിട്ടപ്പോള്‍ നിരവധി വിനോദസഞ്ചാരികള്‍ ഈ ഡാന്‍സിങ് ഹൗസ് കാണാനായി എത്താറുണ്ട്. കൂടുതലായും ഓഫീസുകളാണ് ഡാന്‍സിങ് ഹൗസില്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഈ നിര്‍മിതിയുടെ ഏറ്റവും മുകളില്‍ നിന്നാല്‍ പ്രേഗിന്റെ വിസ്മയിപ്പിക്കുന്ന കാഴ്ചകള്‍ ആസ്വദിക്കാം. സഞ്ചാരികളെ ഡാന്‍സിങ് ഹൗസിലേക്ക് ആകര്‍ഷിക്കുന്നതിലും ഈ ദൃശ്യാനുഭവം പ്രധാന പങ്ക് വഹിക്കുന്നു.
Story highlights: Shipwreck tower I Prague