‘മോഹൻലാൽ സാർ എന്നോട് പറഞ്ഞ ആദ്യ വാക്കുകൾ കുടുംബത്തിലേക്ക് സ്വാഗതം എന്നായിരുന്നു’- ശ്രദ്ധ ശ്രീനാഥ്‌

മോഹൻലാൽ നായകനായെത്തുന്ന നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്ന ചിത്രത്തിൽ നായികയായെത്തുന്നത് ശ്രദ്ധ ശ്രീനാഥാണ്. മലയാളത്തിൽ സഹനടിയുടെ വേഷത്തിൽ കരിയർ ആരംഭിച്ച ശ്രദ്ധ ഇപ്പോൾ തെന്നിന്ത്യയിൽ ഹിറ്റ് നായികമാരിൽ ഒരാളാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ച സന്തോഷം ആരാധകരോട് പങ്കുവയ്ക്കുകയാണ് ശ്രദ്ധ.

സിനിമയുടെ ഷൂട്ടിംഗിൽ പങ്കെടുക്കാനെത്തിയപ്പോൾ മോഹൻലാലുമായുള്ള ആദ്യ സംഭാഷണമാണ് ശ്രദ്ധ പങ്കുവെച്ചത്. കുടുംബത്തിലേക്ക് സ്വാഗതം എന്നാണ് അദ്ദേഹം പറഞ്ഞതെന്ന് ശ്രദ്ധ ട്വിറ്ററിൽ കുറിക്കുന്നു .’ഇന്ന് ആറാട്ടിന്റെ സെറ്റിൽ ചേർന്നു. ടീമിനെ മുഴുവൻ കണ്ടുമുട്ടി. മോഹൻലാൽ സാറിന്റെ ആദ്യ വാക്കുകൾ, “കുടുംബത്തിലേക്ക് സ്വാഗതം” എന്നതായിരുന്നു..ആ വാക്കുകൾ എന്റെ ദിനം ധന്യമാക്കി’ – ശ്രദ്ധ കുറിക്കുന്നു.

ചിത്രത്തിൽ ഐ എ എസ് ഓഫീസറുടെ വേഷത്തിൽ ശ്രദ്ധ ശ്രീനാഥാണ് എത്തുന്നത്. കോഹിനൂർ എന്ന ചിത്രത്തിലാണ് മലയാളത്തിൽ മുൻപ് ശ്രദ്ധ വേഷമിട്ടിരുന്നത്. അഞ്ചു വർഷത്തിന് ശേഷമാണ് വീണ്ടും മലയാളത്തിലേക്ക് എത്തുന്നത്. ലോക്ക് ഡൗണിന് ശേഷം ശ്രദ്ധ അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്.

മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്.  ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്. ആക്ഷനും കോമഡിയും ഒരുപോലെ കൈകാര്യം ചെയ്യുന്ന എന്റർടെയ്നറായാണ് നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്ന ചിത്രം ഒരുങ്ങുന്നത്.

നെയ്യാറ്റിൻകരയിൽ നിന്നും പാലക്കാട്ടേക്ക് ഒരു ദൗത്യവുമായി യാത്ര ചെയ്യുന്ന മോഹൻലാലിൻറെ ഗോപൻ എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ പ്രമേയം. എല്ലാ കൊവിഡ് പ്രോട്ടോക്കോളും പാലിച്ച് ചിത്രീകരണം ആരംഭിച്ച ‘നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടി’ന് ഹൈദരാബാദിലും ഷൂട്ടിങ്ങുണ്ട്.

മോഹൻലാൽ, ശ്രദ്ധ ശ്രീനാഥ് എന്നിവരെ കൂടാതെ നെടുമുടി വേണു, സായികുമാർ, സിദ്ദിഖ്, അശ്വിൻ കുമാർ, രചന നാരായണൻകുട്ടി, ജോണി ആന്റണി, വിജയരാഘവൻ, നന്ദു, സ്വാസിക എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.വിപുലമായ ആക്ഷൻ രംഗങ്ങളുമായാണ് ബി ഉണ്ണികൃഷ്ണൻ ചിത്രം ഒരുങ്ങുന്നത്. കൊവിഡ് പ്രതിസന്ധിക്ക് ശേഷം പലരും അകലം പാലിക്കുന്നതിന്റെ ഭാഗമായി ആക്ഷൻ രംഗങ്ങൾ ചിത്രത്തിൽ നിന്നും ഒഴിവാക്കിയിരുന്നു. എന്നാൽ, കൂടുതൽ കരുതലോടെ ആക്ഷൻ രംഗങ്ങൾ ഉൾപ്പെടുത്തിയാണ് മോഹൻലാൽ ചിത്രം ഒരുങ്ങുന്നത്.

സിനിമയിൽ സ്റ്റണ്ട് മാസ്റ്ററും ഏഴോളം സഹായികളും ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇവർ ഏഴുദിവസം ക്വാറന്റീനിൽ തുടർന്നതിന് ശേഷം ഷൂട്ടിങ്ങിൽ പങ്കെടുക്കും.

Story highlights- shrdha sreenath about neyyattainkara gopante arattu