101 കിലോയിൽ നിന്നും 70ലേക്ക് ശരീരഭാരം കുറച്ച് സിമ്പു- ആത്മസമർപ്പണത്തിന് അഭിനന്ദനവുമായി സഹോദരി
ഇടവേളയ്ക്ക് ശേഷം സിനിമയിൽ സജീവമാകാനായി നടൻ സിലമ്പരശൻ നടത്തിയ ശാരീരിക പരിവർത്തനങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. മൂന്നുവർഷത്തിനു ശേഷം സമൂഹമാധ്യമങ്ങളിൽ സിമ്പു സജീവമായതും പുത്തൻ ലുക്ക് പങ്കുവെച്ചുകൊണ്ടായിരുന്നു.
ഈശ്വരൻ എന്ന ചിത്രത്തിനായാണ് സിമ്പു ലോക്ക് ഡൗൺ കാലത്ത് വളരെയധികം വർക്ക്ഔട്ട് നടത്തിയത്. വർക്ക്ഔട്ട് മാത്രമല്ല, നൃത്തവും, മറ്റു കായികാഭ്യാസങ്ങളുമെല്ലാം സിമ്പു പരിശീലിച്ചിരുന്നു. 101 കിലോയിൽ നിന്നും 70 കിലോയിലേക്ക് ഭാരം ചുരുക്കി പുത്തൻ ലുക്കിൽ എത്തിയ സിമ്പുവിന് മികച്ച സ്വീകരണമാണ് ലഭിച്ചത്.
He’s gone through a lot for this transformation. This transformation was not just for losing weight but to know his true self vision purpose and goals . I was with him for few days during this journey and I’ve seen him working so hard towards his goals and hats off 2his willpower https://t.co/uWUbmacqQj
— TR Elakkiya Abhilash (@ELAKKS) October 29, 2020
സിമ്പുവിന്റെ സഹോദരി ഇലാക്കിയയുടെ ട്വീറ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പുത്തൻ ലുക്കിലേക്ക് എത്താനുള്ള സിമ്പുവിന്റെ പരിശ്രമങ്ങളാണ് ഇലാക്കിയ പങ്കുവയ്ക്കുന്നത്. ‘ഈ പരിവർത്തനത്തിനായി അദ്ദേഹം വളരെയധികം കഠിനാധ്വാനങ്ങളിലൂടെ കടന്നുപോയി. ഈ മാറ്റം ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല, ജീവിതത്തിന്റെ യഥാർത്ഥ ലക്ഷ്യങ്ങളും അറിയുക എന്നതായിരുന്നു. ഈ യാത്രയിൽ ഞാൻ കുറച്ചുദിവസം അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു, ലക്ഷ്യങ്ങൾക്കായി അദ്ദേഹം വളരെ കഠിനാധ്വാനം ചെയ്യുന്നതും ഞാൻ കണ്ടു. ആ ഇച്ഛാശക്തിയ്ക്ക് മുന്നിൽ തലകുനിക്കുന്നു’- ഇലാക്കിയ കുറിക്കുന്നു. സുശീന്ദ്രന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘ഈശ്വരൻ’ എന്ന ചിത്രത്തിനായുള്ള തയ്യാറെടുപ്പായിരുന്നു ലോക്ക് ഡൗൺ കാലത്ത്.
Read More: ഇപ്പോഴും മധുരപ്പതിനേഴല്ലേ… റൊമാന്റിക് ഹീറോ കുഞ്ചാക്കോ ബോബന്റെ സ്പെഷ്യല് മാഷപ്പ് വീഡിയോ
പരാജയങ്ങൾ കാരണം കരിയറിൽ ഇനി സിമ്പുവിന് ഒരു മടങ്ങിവരവുണ്ടാകില്ല എന്നുപോലും ആരാധകർ വിധിയെഴുതിയ സമയമുണ്ടായിരുന്നു. മാത്രമല്ല, ശരീരഭാരം വർധിച്ചതോടെ പരിഹാസങ്ങളും നേരിടേണ്ടി വന്നു. 2017ൽ റിലീസ് ചെയ്ത ‘അൻപാനവൻ, അടങ്കാതവൻ, അസറാതവൻ’ എന്ന ചിത്രത്തിന്റെ പരാജയത്തോടെ സിലമ്പരശന്റെ കരിയർ അവസാനിച്ചു എന്ന രീതിയിൽ പോലും ചർച്ചകൾ നടന്നു. എന്നാൽ, തൊട്ടടുത്ത വർഷം ചെക്കാ ചെവന്ത വാനം എന്ന ചിത്രത്തിൽ മടങ്ങിവന്നെങ്കിലും മൾട്ടിസ്റ്റാർ ചിത്രമായതുകൊണ്ട് സിമ്പുവിന് പ്രത്യേക പ്രാധാന്യം ഉണ്ടായിരുന്നില്ല. എന്നാണ് സിമ്പു നായകനായി ഒരു ചിത്രം കാണാൻ സാധിക്കുക എന്ന ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി വെങ്കട്ട് പ്രഭുവിനൊപ്പം മാനാട് എന്ന ചിത്രം പ്രഖ്യാപിച്ചിരുന്നു. പക്ഷെ, അവിടെയും ചർച്ചയായത് സിമ്പുവിന്റെ ശരീരമാണ്. അമിതവണ്ണമാണെന്നും ഇനി ഒരു മാറ്റമുണ്ടാകില്ലെന്നും വിധി എഴുതിയ പ്രേക്ഷകർക്ക് മുന്നിൽ അമ്പരപ്പിക്കുന്ന മാറ്റവുമായാണ് സിമ്പു എത്തിയിരിക്കുന്നത്.
Story highlights- silambarasan weight loss journey