ഒരു തിരിച്ചുവരവ് അത്ര എളുപ്പമല്ല; ഹൃദയം തൊട്ട് ‘ദി ലാസ്റ്റ് യു ടേൺ’
കണ്ടുമറക്കേണ്ട സിനിമാ കാഴ്ചകൾക്ക് അപ്പുറം പ്രേക്ഷകരുടെ മനസ് തൊടുന്ന ഒരു കൊച്ചു ചിത്രം എന്ന് തെറ്റാതെ വിളിക്കാവുന്ന ഹ്രസ്വ ചിത്രമാണ് ‘ദി ലാസ്റ്റ് യു- ടേൺ’. റെജി രാമപുരം സംവിധാനം ചെയ്ത് ലിനു ലാൽ അഭിനയിച്ച ‘ദി ലാസ്റ്റ് യു ടേൺ’ എന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. അവതരണത്തിലെ പുതുമയും പ്രമേയത്തിലെ വ്യത്യസ്തതയുമാണ് ചിത്രത്തെ കൂടുതൽ ആകർഷകമാക്കുന്നത്.
ഒരു കഥാപാത്രം മാത്രമാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത് എന്നതാണ് ‘ദി ലാസ്റ്റ് യു- ടേണി’നെ കൂടുതൽ പ്രിയപ്പെട്ടതാക്കുന്നത്. ഒരു കഥാപാത്രത്തിലൂടെ മനോഹരമായൊരു കഥ പറഞ്ഞ ചിത്രം ‘ഒരു കാർ പറഞ്ഞ കഥ’ എന്ന ടാഗ് ലൈനോടെയാണ് പങ്കുവെച്ചിരിക്കുന്നത്. ഒരു കാറിനുള്ളിൽ നടക്കുന്ന സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഈ കാലഘട്ടത്തിൽ കൊറോണ വൈറസിനെതിരെ ജനങ്ങൾക്ക് ശരിയായ ആരോഗ്യ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ചിത്രം തയാറാക്കിയിരിക്കുന്നത്. അതിനൊപ്പം അശ്രദ്ധ വലിയ അപകടങ്ങൾക്ക് കാരണമാകും എന്നും ചിത്രം പറഞ്ഞുവയ്ക്കുന്നുണ്ട്.
Read also:അങ്കമാലിയിൽ നിന്നൊരു അഡാർ ലൗ- ശ്രദ്ധനേടി റോഷ്നയുടെയും കിച്ചു ടെല്ലസിന്റെയും വിവാഹ നിശ്ചയ വീഡിയോ
റെജി രാമപുരം സംവിധാനം ചെയ്ത് ഐശ്വര്യ ലക്ഷ്മി നിർമിച്ച ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ഹരീഷ് ആർ കൃഷ്ണയാണ്. എഡിറ്റർ- ആനന്ദ് എസ്, ബാക്ക്ഗ്രൗണ്ട് സ്കോർ- മധു പോൾ എന്നിങ്ങനെയാണ് നിർവഹിച്ചിരിക്കുന്നത്. ‘ജീവിതത്തിൽ ചിലപ്പോൾ നാം തെറ്റായ തീരുമാനങ്ങൾ എടുക്കാറുണ്ട്. തെറ്റിലേക്ക് തിരിയുന്നതിന് മുൻപുള്ള നിമിഷം ശരി ഏതാണെന്ന് നമ്മുടെ ഹൃദയം പറയും. എന്നാൽ അത് തിരിച്ചറിയാതെ മുന്നോട്ട് പോയാൽ പിന്നീട് ഒരിക്കലും ഒരു തിരിച്ചുവരവ് ഉണ്ടാകില്ല’ എന്ന ക്യാപ്ഷനോടെയാണ് ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.
Story Highlights:The last U-turn short film