വിജയ് സേതുപതി വീണ്ടും മലയാളത്തിലേക്ക്; സിനിമ ചിത്രീകരണം തൊടുപുഴയിൽ

മാർക്കോണി മത്തായിക്ക് ശേഷം വിജയ് സേതുപതി നായകനാകുന്ന ചിത്രം ഒരുങ്ങുന്നു. ’19 (1)(എ)’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് വിജയ് സേതുപതി അഭിനയിക്കുന്നത്. തൊടുപുഴയിൽ ചിത്രീകരണം ആരംഭിച്ച ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതയായ ഇന്ദു വി എസ് ആണ്. വിജയ് സേതുപതിയ്ക്കൊപ്പം ഇന്ദ്രജിത്തും നിത്യ മേനോനും ഇന്ദ്രൻസും ചിത്രത്തിൽ മുഖ്യ വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സലിം അഹമ്മദിനോടൊപ്പം ആദാമിന്റെ മകൻ അബു, പത്തേമാരി തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ച വ്യക്തിയാണ് ഇന്ദു വി എസ്. പുതിയ ചിത്രവുമായി ഇന്ദു വി എസ് എത്തുമ്പോൾ വാനോളം പ്രതീക്ഷിയിലാണ് സിനിമാലോകം. ആന്റോ ജോസഫ് നിർമിക്കുന്ന ചിത്രത്തിന് ഗോവിന്ദ് വസന്ത സംഗീത സംവിധാനവും മനീഷ് മാധവൻ ഛായാഗ്രഹണവും നിർവഹിക്കുന്നു.
നിലവിലെ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളെ പ്രതിഫലിപ്പിക്കുന്ന വിഷയമായിരിക്കും ചിത്രത്തിന്റേത് എന്നാണ് സൂചന. സോഷ്യൽ-പൊളിറ്റിക്കല്‍ ഡ്രാമ വിഭാഗത്തിലാണ് ചിത്രം ഒരുങ്ങുന്നത്.

അതേസമയം വെള്ളിത്തിരയിൽ ഏറെ തിരക്കുള്ള വിജയ് സേതുപതിയും ഇന്ദ്രജിത്തും നിത്യ മേനോനും ഇന്ദ്രൻസും ഒന്നിക്കുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകരും നോക്കികാണുന്നത്. നായകന്- നായിക സങ്കൽപ്പങ്ങളിൽ നിന്ന് പ്രമേയത്തിന് മുൻതൂക്കം നൽകിയാണ് ചിത്രം ഒരുക്കുന്നത്. നേരത്തെ പൃഥ്വിരാജ് സുകുമാരനും ദുൽഖർ സൽമാനും ചേർന്ന് പുറത്തിറക്കിയ സിനിമയുടെ പ്രമേയത്തെ ഉൾക്കൊള്ളുന്ന ടൈറ്റിൽ പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Story Highlights: vijay sethupathi fim 19-1a