‘എല്ലാവരും പറഞ്ഞ് പറഞ്ഞാണ് ഞാൻ സിനിമാ നടനായത്’- അബിയുടെ ആദ്യ അഭിമുഖം പങ്കുവെച്ച് ഷെയ്ൻ നിഗം
മിമിക്രി വേദിയിൽ നിന്നും വെള്ളിത്തിരയിലേക്ക് എത്തിയ താരമാണ് അബി. നവംബർ മുപ്പത്തിനായിരുന്നു അബിയുടെ മൂന്നാം ചരമ വാർഷികം. അന്ന് മകൻ ഷെയ്ൻ നിഗം കുറിച്ച വാക്കുകൾ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ, അബിയുടെ ആദ്യ അഭിമുഖം പങ്കുവയ്ക്കുകയാണ് ഷെയ്ൻ നിഗം. 1992ൽ ഗൾഫ് പര്യടനത്തിനിടെ നൽകിയ അഭിമുഖമാണ് വർഷങ്ങൾക്ക് ശേഷം ശ്രദ്ധ നേടുന്നത്.
അഭിനയം തന്റെ സ്വപ്നമായിരുന്നില്ല എന്നും, എല്ലാവരും പറഞ്ഞ് പറഞ്ഞാണ് താൻ സിനിമാ നടനായതെന്നും അബി അഭിമുഖത്തിൽ പറയുന്നു. അവസരങ്ങൾ ലഭിച്ചപ്പോൾ അത് പ്രയോജനപ്പെടുത്തിയെന്നും അബി പറയുന്നു. അതേസമയം, അബിയുടെ ഓർമ്മദിനത്തിൽ ഷെയ്ൻ നിഗം കുറിച്ച വാക്കുകൾ ഇങ്ങനെയായിരുന്നു; ‘ഇന്ന് എന്റെ വാപ്പിച്ചിയുടെ ഓര്‍മ്മദിനമാണ്.. ഈ ചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടി ഉണ്ട്, വാപ്പച്ചി ആദ്യമായും അവസാനമായും സ്റ്റേജിൽ കയറി, ഒരു വാക്ക് പോലും സംസാരിക്കാൻ പറ്റാതെ ഇറങ്ങിയ വേദി ആണ്, ആരും ഒന്നും പറയാനും ആവശ്യപ്പെട്ടില്ല. പരാതി അല്ല കേട്ടോ, വാപ്പച്ചിക്ക് ഉണ്ടായ വേദന ഞാൻ പങ്ക് വയ്ക്കുന്നു.. ഇതാണ് വാപ്പച്ചിയുടെ അവസാന വേദി’. ഷെയ്ൻ കുറിക്കുന്നു.
Read More: കുടുംബത്തിനൊപ്പമുള്ള സ്നേഹനിമിഷങ്ങള്‍ പങ്കുവെച്ച് സംവൃത സുനില്‍
ഹാസ്യനടൻ, ഡബ്ബിംഗ് ആർട്ടിസ്റ്റ്, പിന്നണി ഗായകൻ എന്നീ നിലയിലും പ്രശസ്തനായിരുന്നു അബി. കൊച്ചിൻ കലാഭവനിലൂടെയാണ് അബി മിമിക്രി രംഗത്തേക്ക് എത്തിയത്. മഹാത്മാഗാന്ധി സർവകലാശാലയിലെ യൂത്ത് ഫെസ്റ്റിവലുകളിൽ സ്റ്റേജ് കരിയർ ആരംഭിച്ച അബി, മിമിക്രി മത്സരങ്ങളിലൂടെ ശ്രദ്ധേയനായി. അങ്ങനെയാണ് കലാഭവൻ മിമിക്രി ട്രൂപ്പിലേക്ക് എത്തിയത്. പിന്നീട് കൊച്ചിൻ സാഗർ, കൊച്ചിൻ ഓസ്കാർ, ഹരിശ്രീ എന്നീ ട്രൂപ്പുകളിൽ പ്രവർത്തിച്ചു. രക്തസംബന്ധമായ രോഗത്തെത്തുടർന്നാണ് അബി മരണത്തിന് കീഴടങ്ങിയത്.
Story highlights- abhi first interview