മുഖ്യകഥാപാത്രമായി ഇന്ദ്രൻസ്; ‘വിത്തിൻ സെക്കന്റസ്’ ഒരുങ്ങുന്നു

December 29, 2020

അഭിനയ മികവുകൊണ്ടും ലാളിത്യം കൊണ്ടുമെല്ലാം മലയാളി ഹൃദയങ്ങളിലേക്ക് നടന്നുകയറിയ താരമാണ് ഇന്ദ്രൻസ്. ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച താരം പ്രധാന കഥാപാത്രമായി എത്തുന്ന നിരവധി ചിത്രങ്ങളാണ് വെള്ളിത്തിരയിൽ ഒരുങ്ങുന്നത്. ഇന്ദ്രൻസിനെ മുഖ്യകഥാപാത്രമാക്കി വിജേഷ് പി വിജയൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് വിത്തിൻ സെക്കന്റസ്. സുധീര്‍ കരമന, അലന്‍സിയാര്‍, സെബിൻ സാബു,ബാജിയോ,സാന്റിനോ മോഹന്‍, മാസ്റ്റർ അർജൂൻ സംഗീത്, സരയൂ മോഹൻ, അനു നായര്‍ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ഒരു പ്രത്യേക സ്ഥലത്ത് ആറുപേർ ഒറ്റപ്പെട്ട് പോകുന്നതും അതിൽ ഒരാൾ മാത്രം തിരികെ എത്തുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ബോൾ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ സംഗീത് ധർമ്മരാജനാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നതും സംഗീത് ധർമ്മരാജനും വിനയൻ പി വിജയനും ചേർന്നാണ്. അനില്‍ പനച്ചുരാന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജാണ് സംഗീതം ഒരുക്കുന്നത്. ഛായാഗ്രഹണം രജീഷ് രാമൻ നിർവഹിക്കുന്നു. ജനുവരി നാലിനാണ് സിനിമ ചിത്രീകരണം ആരംഭിക്കുന്നത്.

Read also:‘സിനിമ സ്വപ്നം കണ്ടപ്പോൾ കൂടെയുണ്ടായിരുന്നവർക്കൊപ്പമാണ് ‘കള’; ശ്രദ്ധനേടി ടൊവിനോ തോമസിന്റെ കുറിപ്പ്

ഇന്ദ്രൻസ് മുഖ്യ കഥാപാത്രമായി എത്തുന്ന അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രമാണ് ഹോം. റോജിൻ തോമസ് സംവിധാനം നിർവഹിക്കുന്ന ചിത്രം ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബുവാണ് ഒരുക്കുന്നത്. അദ്ദേഹത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രമാണ് ‘ലോന’. ബിജു ബെർണാഡ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ഒരു നഗരത്തിൽ ഒറ്റപെട്ടു ജീവിക്കുന്ന വ്യക്തിയുടെ കഥയാണ് പറയുന്നത്. ഇന്ദ്രൻസിനെ മുഖ്യകഥാപാത്രമാക്കി നവാഗത സംവിധായകൻ അശോക് ആർ കലീത്ത ഒരുക്കുന്ന ചിത്രമാണ് ‘വേലുക്കാക്ക’. പി.ജെ.വി. ക്രിയേഷന്‍സിന്റെ ബാനറില്‍ സിബി വര്‍ഗ്ഗീസ് പുല്ലൂരുത്തിക്കരി നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതും അശോക് ആണ്. 

ഡോ. ബിജു സംവിധാനം ചെയ്ത ‘വെയില്‍മരങ്ങള്‍’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്‌കാരമടക്കം കരസ്ഥമാക്കിയ നടനാണ് ഇന്ദ്രൻസ്. 

Story highlights: actor indrans lead movie within seconds