‘ഞാൻ സ്റ്റേജിൽ നിന്നും അകന്നു നിൽക്കുന്ന ഏറ്റവും ദൈർഘ്യമേറിയ സമയമാണിത്’- പാടാൻ കൊതിച്ച് ആൻഡ്രിയ
അഭിനേത്രിക്ക് പുറമെ ഗായിക കൂടിയാണ് നടി ആൻഡ്രിയ ജെർമിയ. ലോക്ക് ഡൗൺ കാലത്ത് പാചകപരീക്ഷണവും ഓർമ്മകൾ പങ്കുവെച്ചും തിരക്കിലായിരുന്നു നടി. അഭിനയത്തിനൊപ്പം തന്നെ സംഗീത വേദികളിലും സജീവമായിരുന്ന ആൻഡ്രിയ സ്റ്റേജ് പ്രോഗ്രാമുകളുടെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ്. കൊവിഡ് കാലത്ത് വേദിയിൽ പാടുന്നത് എത്രമാത്രം മിസ് ചെയ്യുന്നുവെന്നാണ് ആൻഡ്രിയ കുറിക്കുന്നത്.
‘ഞാൻ സ്റ്റേജിൽ നിന്നും അകന്നു നിൽക്കുന്ന ഏറ്റവും ദൈർഘ്യമേറിയ സമയമാണിത്… എന്റെ സ്റ്റേജ് ചിത്രങ്ങൾ കാണുമ്പോൾ നൊസ്റ്റാൾജിയ അനുഭവപ്പെടുന്നു. സ്റ്റേജ് എല്ലായ്പ്പോഴും എന്റെ സന്തോഷം നിറഞ്ഞ ഇടമാണ്, ഒപ്പം ഞാൻ കാത്തിരിക്കുകയാണ്, അവിടെ തിരിച്ചെത്തി നിങ്ങൾക്കെല്ലാവർക്കും വേണ്ടി എന്റെ ഹൃദയത്തിൽ നിന്നും പാടുന്നതിനായി.. 2021 നമുക്കെല്ലാവർക്കും ആകർഷണീയമായ ഒരു വർഷമായിരിക്കുമെന്ന് കരുതാം’. ആൻഡ്രിയ കുറിക്കുന്നു.
Read More: സിനിമ സെറ്റിലെ പ്രതികാര നടപടി; രസകരമായ ലൊക്കേഷൻ വീഡിയോയുമായി കീർത്തി സുരേഷ്
സ്റ്റേജിൽ പാടുന്ന ചിത്രങ്ങളും ആൻഡ്രിയ പങ്കുവെച്ചിട്ടുണ്ട്. അതേസമയം, ആൻഡ്രിയ സിനിമാതിരക്കിലേക്കും ചേക്കേറി. വിജയ് നായകനാകുന്ന മാസ്റ്ററിൽ ഒരു പ്രധാന വേഷത്തിൽ ആൻഡ്രിയ എത്തുന്നുണ്ട്. ലോകേഷ് കനകരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാളവിക മോഹനൻ, വിജയ് സേതുപതി, ശാന്ത്നു, ഗൗരി കിഷൻ, അർജുൻ ദാസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അനിരുദ്ധ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നു.
Story highlights- andrea jeremiah about stage shows