‘മാസ്റ്ററി’ൽ നായികയായി ആൻഡ്രിയ ജെർമിയയും; ആദ്യമായി ചിത്രം പുറത്തുവിട്ട് അണിയറപ്രവർത്തകർ

December 22, 2020

വ്യത്യസ്ത അഭിരുചികളിലൂടെ സിനിമാ ലോകത്ത് ശ്രദ്ധനേടിയ നടിയാണ് ആൻഡ്രിയ ജെർമിയ. അഭിനയത്തിനൊപ്പം പാട്ടിലും നൃത്തത്തിലുമെല്ലാം ഒരുപോലെ കഴിവ് തെളിയിച്ച ആൻഡ്രിയ,തന്റെ ചിത്രങ്ങൾ റിലീസ് ചെയ്യുന്നതിനായി കാത്തിരിക്കുകയാണ്. ഇപ്പോഴിതാ, ആൻഡ്രിയയുടെ പിറന്നാൾ ദിനത്തിൽ മാസ്റ്ററിൽ നിന്നുള്ള ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.

വിജയ്‌ക്കൊപ്പം ചിത്രത്തിൽ പ്രധാന വേഷത്തിലാണ് നടി എത്തുന്നതെന്ന് പിറന്നാൾ സ്പെഷ്യൽ ഫോട്ടോ എത്തിയപ്പോഴാണ് ആരാധകർ അറിയുന്നത്. വിജയ് അവതരിപ്പിക്കുന്ന കഥാപാത്രത്തിനൊപ്പം പുഞ്ചിരിയോടെ ഇരിക്കുന്ന ആൻഡ്രിയയുടെ ചിത്രം ശ്രദ്ധനേടുകയാണ്. അതേസമയം, ആൻഡ്രിയയുടെ ചിത്രം പുറത്തുവന്നതോടെ മാസ്റ്ററുമായി ബന്ധപ്പെട്ട് നിരവധി നിരീക്ഷണങ്ങളാണ് ഉയരുന്നത്. ആൻഡ്രിയ ജെർമിയക്കൊപ്പം മാളവിക മോഹനനും പ്രധാന വേഷത്തിൽ എത്തുന്നതുകൊണ്ട് രണ്ടു നായികമാരുമായി കഥാഗതി എങ്ങനെ പോകും എന്ന തരത്തിലാണ് ആരാധകർ ചർച്ചകൾ നടത്തുനത്.

അതേസമയം,  ‘കൈതി’ക്ക് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരനാണ് സ്വന്തമാക്കിയിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസും നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേർന്നാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. മുൻപ് വിജയ് നായകനായി എത്തിയ ബിഗിലിന്റെ കേരളത്തിലെ വിതരണാവകാശം ഏറ്റെടുത്തതും ഇവരായിരുന്നു.

Read More: ധ്യാൻ ശ്രീനിവാസനും അജു വർഗീസും ഒന്നിക്കുന്ന പുതിയ ചിത്രം- ‘പൗഡർ സിൻസ് 1905’

വിജയ്ക്കൊപ്പം വിജയ് സേതുപതിയും എത്തുന്ന ചിത്രമാണ് മാസ്റ്റർ. ചിത്രത്തിന്റേതായി പുറത്തുവന്ന പോസ്റ്ററുകൾക്കും ടീസറിനുമെല്ലാം മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. വിദ്യാഭ്യാസ രംഗത്തെ അഴിമതിയാണ് ചിത്രത്തിന്റെ ഇതിവൃത്തം. കോളജ് പ്രൊഫസറുടെ വേഷത്തിലാണ് വിജയ് എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അർജുൻ ദാസ്, ശന്തനു ഭാഗ്യരാജ്, ഗൗരി കൃഷ്ണൻ തുടങ്ങിയവർ ചിത്രത്തിൽ അണിനിരക്കുന്നു. അനിരുദ്ധ് രവിചന്ദർ നിർമിക്കുന്ന ചിത്രത്തിന് സത്യൻ സൂര്യനാണ് സംഗീതം ഒരുക്കുന്നത്. 

Story Highlights- Andrea Jeremiah’s role in ‘Master’ revealed