വീട്ടിലെ തണ്ണിമത്തൻ വിളവെടുത്ത് അനുസിത്താര- വീഡിയോ
മലയാളികളുടെ പ്രിയ നടിയാണ് അനുസിത്താര. ലോക്ക് ഡൗൺ കാലത്ത് വായനാട്ടിലെ വീട്ടിൽ കൃഷിയുമായി സജീവമായിരുന്നു നടി. യൂട്യൂബ് ചാനലിലൂടെ വീട്ടുവളപ്പിലെ കൃഷി ആരാധകരെ പരിചയപ്പെടുത്തിയിരുന്നു അനുസിത്താര. ഇപ്പോഴിതാ, അടുക്കളത്തോട്ടത്തിൽ തണ്ണിമത്തൻ വിളഞ്ഞത് പങ്കുവയ്ക്കുകയാണ് താരം.
കടയിൽ നിന്നും വാങ്ങിയ വിത്തിട്ടാണ് അനുസിത്താര തണ്ണിമത്തൻ മുളപ്പിച്ചത്. തണ്ണിമത്തൻ പറിക്കുന്നതും മുറിച്ച് രുചിക്കുന്നതുമെല്ലാം വീഡിയോയിലൂടെ താരം പങ്കുവയ്ക്കുന്നു. നിരവധി താരങ്ങളും ആരാധകരും വീഡിയോയ്ക്ക് കമന്റുമായി എത്തി.
തണ്ണിമത്തന് പുറമെ ഓറഞ്ചും സപ്പോട്ടയും മൾബറിയും വിളയുന്ന അനുസിത്താരയുടെ കൃഷി അത്ര ചെറുതല്ല. ഒരു വർഷം മുൻപ് തന്നെ വിവിധയിനം ചെടികളും ഫലവൃക്ഷങ്ങളും ഔഷധച്ചെടികളും, പച്ചക്കറികളുമെല്ലാം അനുസിത്താരയും കുടുംബവും പുതിയ വീട്ടിൽ നട്ടിരുന്നു. എന്തും വിളയുന്ന വയനാടൻ മണ്ണിലാണ് അനുസിത്താരയുടെ സ്വപ്ന ഗൃഹം സ്ഥിതി ചെയ്യുന്നത്.
ഭർത്താവ് വിഷ്ണുപ്രസാദിന്റെ വീടിനോട് ചേർന്നാണ് അനുസിത്താര മെഡിറ്ററേനിയൻ സ്റ്റൈലിൽ വീടൊരുക്കിയത്. പുരയിടത്തിൽ ഉണ്ടായിരുന്ന കുളം നികത്താതെ കൂടുതൽ ഭംഗിയോടെ കൽപ്പടവുകൾ ഒരുക്കിയും മുളയും കരിമ്പും കൊണ്ട് തിട്ടകൾ ഭംഗിയാക്കിയും നടി നിലനിർത്തിയിരിക്കുന്നു. കൂടാതെ, വിവിധ നിറത്തിലുള്ള ആമ്പലുകളും കുളത്തിലുണ്ട്.
ലോക്ക് ഡൗൺ കാലത്ത് സിനിമാ തിരക്കുകളിൽ നിന്നും മാറിനിന്നപ്പോഴാണ് അനുസിത്താര ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചത്. ആദ്യ എപ്പിസോഡുകൾ മുതൽ തന്നെ ആരാധകർ മികച്ച പിന്തുണയാണ് നടിക്ക് നൽകിയത്. വയനാട്ടിലെ അറിയപ്പെടാത്ത ഒട്ടേറെ കലാകാരന്മാരെ അനുസിത്താര തന്റെ യൂട്യൂബ് ചാനലിലൂടെ പരിചയപ്പെടുത്തി.
Story highlights- anusithara water melon cultivation