ന്യൂ ഇയർ സർപ്രൈസ് ഒരുക്കി ജോർജുകുട്ടിയും കുടുംബവും

December 30, 2020

പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ച മോഹൻലാൽ ചിത്രമാണ് ‘ദൃശ്യം’. ജീത്തു ജോസഫ് സംവിധാനം ചെയ്ത് ചിത്രം 2013-ലാണ് പ്രദര്‍ശനത്തിനെത്തിയത്. ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുന്നു എന്ന പ്രഖ്യാപനം മുതൽ ചിത്രത്തിനായി കാത്തിരിക്കുകയാണ് സിനിമ പ്രേമികൾ. ചിത്രീകരണം പൂർത്തിയായ ചിത്രത്തിന് വേണ്ടിയുളള താരങ്ങളുടെ തയാറെടുപ്പുകളും ചലച്ചിത്ര ആസ്വാദകർക്കിടയിൽ ചർച്ചയായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ അണിയറപ്രവർത്തകർ ആരാധകർക്കായി ഒരുക്കിയ സർപ്രൈസാണ് ഏറെ ശ്രദ്ധയാകുന്നത്. പുതുവർഷ ദിനത്തിൽ ചിത്രത്തിന്റെ ടീസർ പുറത്തുവിടാനൊരുങ്ങുകയാണ് അണിയറപ്രവർത്തകർ.

ഒരു മിനിറ്റുള്ള ടീസർ പുതുവർഷത്തിന്റെ ആദ്യ മിനിറ്റിൽ തന്നെ പ്രേക്ഷകരിലേക്കെത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ടീസർ റിലീസിനെക്കുറിച്ച് നേരത്തെ മോഹൻലാലും ആരാധകരെ അറിയിച്ചിരുന്നു. അതേസമയം ചിത്രീകരണം പൂർത്തിയായ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണ്.

ശക്തമായ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് സിനിമ ചിത്രീകരണം പൂർത്തിയാക്കിയത്. ഷൂട്ടിങിനു മുന്നോടിയായി സിനിമയുടെ അണിയറ പ്രവർത്തകർക്ക് കൊവിഡ് ടെസ്റ്റ് നടത്തിയിരുന്നു. മികച്ച സുരക്ഷാ ക്രമീകരണങ്ങളും സെറ്റില്‍ ഒരുക്കിയിരുന്നു.

Read also: സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത് 6268 കൊവിഡ് കേസുകൾ; 5707 പേർക്ക് രോഗമുക്തി

ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഭാഗത്തിൽ ഒന്നിച്ച ടീമാണ് രണ്ടാം ഭാഗത്തിലും എത്തുന്നത്. മോഹൻലാൽ, മീന, അൻസിബ ഹസൻ, എസ്തർ അനിൽ എന്നിവരായിരുന്നു ജീത്തു ജോസഫ് ഒരുക്കിയ ദൃശ്യത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. ഒരു കുടുംബ ചിത്രമായാണ് ദൃശ്യം 2 പ്രേക്ഷകരിലേക്ക് എത്തുന്നത്.

Story Highlights: drishyam 2 teaser releasing on new year