14 വർഷങ്ങൾക്ക് ശേഷം തിരക്കഥ ഒരുക്കി രഘുനാഥ് പാലേരി; പുതിയ ചിത്രവുമായി ഷാനവാസ് ബാവക്കുട്ടി
മലയാളത്തിന് ഒരുപിടി മികച്ച സിനിമകൾ സമ്മാനിച്ച വ്യക്തിയാണ് രഘുനാഥ് പാലേരി. സംവിധായകനായും തിരക്കഥാകൃത്തായും കഥാകാരനായുമൊക്കെ മലയാള സിനിമയോട് ചേർന്ന് നിന്ന താരം 14 വർഷങ്ങൾക്ക് ശേഷം വീണ്ടും വെള്ളിത്തിരയിൽ സജീവമാകാൻ ഒരുങ്ങുകയാണ്. പ്രേക്ഷക സ്വീകാര്യത നേടിയ കിസ്മത്ത്, തൊട്ടപ്പൻ എന്നീ ചിത്രങ്ങൾ ഒരുക്കിയ സംവിധായകൻ ഷാനവാസ് ബാവക്കുട്ടി സംവിധാനം നിർവഹിക്കുന്ന പുതിയ ചിത്രത്തിന് തിരക്കഥ ഒരുക്കിയാണ് രഘുനാഥ് പാലേരി വെള്ളിത്തിരയിലേക്ക് വീണ്ടുമെത്തുന്നത്.
റൊമാന്റിക്-ഫാമിലി എന്റെർറ്റൈനെർ വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രം അടുത്ത വർഷം ആദ്യത്തോടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന. പുതിയ ചിത്രത്തിനായി തിരക്കഥ തയാറാക്കിയതായി രഘുനാഥ് പാലേരി തന്നെയാണ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.
‘ഒരു കഥ മനസ്സിൽ കറക്കിയടിച്ചൊരു തിരക്കഥ എഴുതി. ശ്രീ ഷാനവാസ് ബാവക്കുട്ടിക്ക് ഇന്നലെ നൽകി. രുഗ്മാംഗദൻറെയും പാരിജാതമെന്ന വനജയുടെയും അവർക്കിടയിലെ ചന്ദ്രതേജസ്സായി വിലസുന്ന അക്കമ്മയുടെയും ഹൈദരാലിക്കയുടെയും മൂത്താശാരിയുടെയും ഗാുംഗുലിയുടെയും മാത്തച്ചൻറെയും ദേവൂട്ടിയുടെയും, ഓട്ടോറിക്ഷാ അഛൻറെയും, അമ്മക്ക് ചിമനെല്ലിക്ക പറിച്ചു നൽകി പ്രണയം പുഷ്പ്പിക്കുന്ന, അഛൻറെയും എല്ലാം ചേർന്നുള്ളൊരു ജീവിത തിരക്കഥ. ഷാനവാസ് അത് പ്രകാശമാനമാക്കട്ടെ. എന്നെ അദ്രുമാനിലേക്ക് വെളിച്ചംപോൽ നടത്തിച്ചത് ഷാനവാസാണ്. ഇതൊരു ദക്ഷിണ.’ രഘുനാഥ് പാലേരി കുറിച്ചു.
Read also:കരുത്താണ് ഈ കരുതല്‍; വൈറലായി ഒരു സ്നേഹചിത്രം
മൈ ഡിയര്‍ കുട്ടിച്ചാത്തന്, ഒന്നു മുതല്‍ പൂജ്യം വരെ, പൊന്മുട്ടയിടുന്ന താറാവ്, മഴവില്‍ കാവടി, മേലേപറമ്പില്‍ ആണ്‍വീട് തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾക്ക് രഘുനാഥ് പാലേരി തിരക്കഥ തയാറാക്കിയിട്ടുണ്ട്. ഒന്നുമുതല്‍ പൂജ്യം വരെ, വിസ്മയം തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 2006ല്‍ പുറത്തിറങ്ങിയ മധുചന്ദ്രലേഖയാണ് അദ്ദേഹം ഒടുവില്‍ തിരക്കഥയെഴുതിയ മലയാള ചിത്രം.
Story Highlights: famous script writer raghunath paleri writes for shanavas Bavakutty film