കെജിഎഫ് രണ്ടാം ഭാഗം ഒരുങ്ങുന്നു; ശ്രദ്ധനേടി യാഷിന്റെ പുതിയ ലുക്ക്
തിയേറ്ററുകളിൽ തരംഗം സൃഷ്ടിച്ച് മുന്നേറിയ ചിത്രമാണ് കെജിഎഫ്. യാഷ് നായകനായി എത്തിയ ചിത്രം മലയാളം, കന്നഡ, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലും റിലീസ് ചെയ്തിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന വാർത്ത ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. സിനിമയുടെ സ്റ്റണ്ട് രംഗങ്ങളുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെ സമൂഹമാധ്യമങ്ങളിൽ അടക്കം ശ്രദ്ധ നേടുകയാണ് യാഷിന്റെ പുതിയ ലുക്ക്. താരം തന്നെയാണ് ചിത്രം പങ്കുവെച്ചത്.
ചിത്രത്തിൽ സഞ്‌ജയ് ദത്ത് ആണ് വില്ലനായി എത്തുന്നത്. വില്ലൻ അധീരയെന്ന കഥാപാത്രത്തെയാണ് സഞ്ജയ് ദത്ത് അവതരിപ്പിക്കുന്നത്. കെജിഎഫിനായുള്ള താരത്തിന്റെ മേക്ക് ഓവർ ലുക്ക് ഏറെ ശ്രദ്ധ നേടിയിരുന്നു.
ആറുമാസങ്ങൾക്ക് മുൻപ് ചിത്രീകരണം തുടങ്ങിയ കെജിഎഫ് കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ നിർത്തിവെച്ചിരുന്നു. പിന്നീട് സർക്കാർ നിർദേശങ്ങൾ പാലിച്ച് രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് പുനഃരാരംഭിക്കുകയായിരുന്നു.
Read also:അനുരാഗ് കശ്യപും അനിൽ കപൂറും നേർക്കുനേർ; ശ്രദ്ധനേടി ട്രെയ്‌ലർ
കഴിഞ്ഞ വർഷം ഡിസംബർ 21-നാണ് കെജിഎഫിന്‍റെ ആദ്യ ഭാഗം ഇന്ത്യയിൽ റിലീസ് ചെയ്തത്. ‘ഉഗ്രം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ പ്രശാന്ത് നീൽ ആണ് ചിത്രം സംവിധാനം ചെയ്തത്. കന്നഡ സൂപ്പർ താരം യാഷ് പ്രധാന വേഷത്തിലെത്തുന്ന സിനിമയിൽ ശ്രിനിധി ഷെട്ടി, രമ്യ കൃഷ്ണ, ആനന്ദ് നാഗ് എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.
കന്നഡയിലെ ഏറ്റവും ചിലവേറിയ സിനിമയെന്ന വിശേഷണത്തോടെയാണ് കെജിഎഫ് വരുന്നത്. ഏകദേശം രണ്ടുവർഷം കൊണ്ട് പൂർത്തീകരിച്ച സിനിമ രണ്ടു ഭാഗങ്ങളായാണ് ചിത്രീകരിച്ചിരിക്കുന്നത്. കോലാറിന്റെ സ്വർണഖനിയുടെ പശ്ചാത്തലത്തിൽ റോക്കി എന്ന അധോലോക നായകന്റെ കഥയാണ് ചിത്രം പറയുന്നത്. പീരിഡ് ഡ്രാമ വിഭാഗത്തിൽപെടുന്ന ചിത്രമാണ് കെജിഎഫ്. നിരവധി സസ്‌പെൻസും ആകാംഷയും നിറഞ്ഞ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. അതുകൊണ്ടുതന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ.
Story highlights: k g f chapter 2 yash still goes viral