ചതിയിലകപ്പെടുന്ന പെൺജീവിതങ്ങളുടെ കഥ പറയുന്ന ചിത്രം; ‘ഖെദ്ദ’ ചിത്രീകരണം പൂർത്തിയായി
നടിയും നർത്തകിയുമായ ആശ ശരത്തും മകൾ ഉത്തര ശരത്തും ഒന്നിക്കുന്ന ‘ഖെദ്ദ’യുടെ ചിത്രീകരണം പൂർത്തിയായി. ഫോൺ കെണിയിൽ കുടുങ്ങുന്ന പെൺജീവിതങ്ങളുടെ കഥ പറയുന്ന ചിത്രമാണ് ‘ഖെദ്ദ’. ആശ ശരത്ത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മകളുടെ വേഷത്തിലാണ് ഉത്തര ചിത്രത്തിൽ വേഷമിടുന്നത്. മനോജ് കാന സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഖെദ്ദ’.
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസർ നിർമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് എഴുപുന്നയിലാണ് നടന്നത്. ബെന്‍സി പ്രൊഡക്ഷന്റെ പത്താമത് ചിത്രമണിത്. കെഞ്ചിര എന്ന ചിത്രത്തിന് ശേഷം മനോജ് കാന സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ക്യാമറ പ്രതാപ് വി നായര്‍, ചമയം അശോകന്‍ ആലപ്പുഴ, എഡിറ്റിങ് മനോജ് കണ്ണോത്ത് എന്നിവർ നിർവഹിക്കുന്നു. ഹരി വെഞ്ഞാറമ്മൂടാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.
പലപ്പോഴും സ്ത്രീകളാണ് സോഷ്യല്‍ മീഡിയയുടെ കെണിയില്‍ പെടുന്നത്. ഇത്തരം പെൺകെണികളെ കേന്ദ്രീകരിച്ചാണ് ഖെദ്ദ ഒരുങ്ങുന്നത്. അതേസമയം ലോക്ക് ഡൗൺ ആരംഭിക്കുന്നതിന് മുൻപായി ഗുരുവായൂരിൽ നൃത്തപരിപാടി അവതരിപ്പിക്കാൻ കേരളത്തിലേക്ക് എത്തിയ ആശയ്ക്കും ഉത്തരയ്ക്കും മടങ്ങി പോകാൻ സാധിക്കാതെ വരികയായിരുന്നു. ഈ സമയത്താണ് സിനിമയിൽ നിന്നും ഉത്തരയെ തേടി അവസരങ്ങൾ എത്തിയത്.
Story Highlights: khedda shooting completed