അറബിക്കഥയ്ക്കും ഡയമണ്ട് നെക്ലേസിനും ശേഷം വീണ്ടും അറേബ്യന്‍ മണ്ണില്‍ ലാല്‍ ജോസ് ചിത്രമൊരുങ്ങുന്നു

December 15, 2020
Lal Jose New Movie Shoot Started

ലാല്‍ ജോസ് സംവിധാനം നിര്‍വഹിക്കുന്ന പുതിയ ചിത്രമൊരുങ്ങുന്നു. സൗബിന്‍ ഷാഹിറും മംമ്താ മോഹന്‍ദാസുമാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്നത്. സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. റാസല്‍ഖൈമയിലാണ് ചിത്രീകരണം. പൂര്‍ണമായും ഗള്‍ഫ് പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്.

തോമസ് തിരുവല്ലാ ഫിലിംസിന്റെ ബാനറില്‍ തോമസ് തിരുവല്ലയാണ് ചിത്രത്തിന്റെ നിര്‍മാണം. ഡോ. ഇഖ്ബാല്‍ കുറ്റിപ്പുറമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇഖ്ബാല്‍ കുറ്റിപ്പുറവും ലാല്‍ ജോസും ഒരുമിക്കുന്ന നാലാമത്തെ ചിത്രംകൂടിയാണ് ഇത്. അറബിക്കഥ, ഡയമണ്ട് നെക്ലേസ്, വിക്രമാദിത്യന്‍ എന്നിവയാണ് ഈ കൂട്ടുകെട്ടിലൊരുങ്ങിയ മറ്റ് ചിത്രങ്ങള്‍.

നഗരത്തിന്റെ തിരക്കുകളില്‍ നിന്നും മാറി ജീവിക്കുന്ന ഒരു സാധാരണ കുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. സലീംകുമാര്‍, ഹരിശ്രീ യൂസഫ് എന്നിവര്‍ക്കൊപ്പം പുതുമുഖതാരങ്ങളും ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നുണ്ട്. ജസ്റ്റിന്‍ വര്‍ഗീസാണ് ചിത്രത്തിന്റെ സംഗീതസംവിധായകന്‍.

അതേസമയം അറബിക്കഥയ്ക്കും ഡയമണ്ട് നെക്ലേസിനും ശേഷം അറേബ്യന്‍ മണ്ണിലൊരുങ്ങുന്ന ലാല്‍ ജോസ് ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.

Story highlights: Lal Jose New Movie Shoot Started