രജിഷയും ഷൈൻ ടോം ചാക്കോയും പ്രധാനകഥാപാത്രങ്ങളായ ഖാലിദ് റഹ്മാൻ ചിത്രം ലൗ ഐഎഫ്എഫ്കെയിലേക്ക്
രജിഷ വിജയൻ, ഷൈൻ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രമാണ് ലൗ. ലോക്ക്ഡൗൺ കാലത്ത് ഷൂട്ടിംഗ് പൂർത്തിയാക്കിയ ആദ്യ മലയാള സിനിമയായിരുന്നു ഖാലിദ് റഹ്‌മാൻ ഒരുക്കുന്ന ലൗ. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു സിനിമ ചിത്രീകരണം നടത്തിയത്. കഴിഞ്ഞ ഒക്ടോബർ 15ന് ചിത്രം ജിസിസി റിലീസായിരുന്നു.
ഇപ്പോഴിതാ ചിത്രം ഐഎഫ്എഫ്‌കെയിൽ പ്രദർശിപ്പിക്കാൻ തെരഞ്ഞെടുത്തിരിക്കുകയാണ്. ഷൈൻ ടോം ചാക്കോ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഐഎഫ്എഫ്‌കെ വേദിയിലൂടെ ചിത്രം കാണാൻ എല്ലാവരും ശ്രമിക്കണമെന്നും ഷൈൻ ടോം ചാക്കോ കുറിച്ചു.
Read also:‘മൈക്കിൾ ജാക്സനാകാൻ ശ്രമിച്ചപ്പോൾ’- 32 വർഷം പഴക്കമുള്ള ചിത്രവുമായി അമിതാഭ് ബച്ചൻ
കുടുംബ ജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. അനുരാഗ കരിക്കിൻവെള്ളം, ഉണ്ട എന്നീ ചിത്രങ്ങൾക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലൗ’. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ആഷിഖ് ഉസ്മാനാണ് ലൗ നിർമിക്കുന്നത്. ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ജിംഷി ഖാലിദും എഡിറ്റിംഗ് നൗഫൽ അബ്ദുല്ലയും കലാ സംവിധാനം ഗോകുൽ ദാസും ആണ്. ഖാലിദ് റഹ്‌മാൻ തന്നെ രചന നിർവഹിക്കുന്ന ചിത്രത്തിൽ സുധി കോപ്പ, വീണ നന്ദകുമാർ, ഗോകുലൻ, ജോണി ആന്റണി എന്നിവരും മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നു.
Story Highlights:love movie officially selected at 25th international film festival of kerala