‘കേരളത്തിന്റെ ഏറെ പ്രിയപ്പെട്ട ‘ഈച്ച’ താരത്തിനെ കണ്ടുമുട്ടിയതിൽ വളരെ സന്തോഷമുണ്ട്’- ‘ലളിതം സുന്ദരം’ സെറ്റിലെ അതിഥികളുടെ ചിത്രങ്ങൾ പങ്കുവെച്ച് മഞ്ജു വാര്യർ

December 23, 2020

ഇടവേളയ്ക്ക് ശേഷം ലളിതം സുന്ദരം ചിത്രീകരണം പുനഃരാരംഭിച്ചു. മഞ്ജു വാര്യരും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നടനും മഞ്ജു വാര്യരുടെ സഹോദരനുമായ മധു വാര്യരാണ്. ഫെബ്രുവരിയിലാണ് ലളിതം സുന്ദരം ചിത്രീകരണം ആരംഭിച്ചതെങ്കിലും കൊവിഡ് പ്രതിസന്ധിയെ തുടർന്ന് നിർത്തിവയ്‌ക്കേണ്ടി വന്നു.

‘അനിശ്ചിതത്വം അവസാനിക്കുന്നു. കുടുംബം വീണ്ടും ഒന്നിക്കുന്നു. ‘ലളിതം സുന്ദരം’ തുടരുന്നു’ എന്ന് കുറിച്ചുകൊണ്ട് അണിയറപ്രവർത്തകർ ഷൂട്ടിംഗ്‌ തുടരുന്ന വിവരം പങ്കുവെച്ചു. അതേസമയം, ‘ലളിതം സുന്ദരം’ സെറ്റിൽ എത്തിയ അതിഥികളുടെ വിശേഷം പങ്കുവയ്ക്കുകയാണ് മഞ്ജു വാര്യർ. തെന്നിന്ത്യൻ താരം കിച്ച സുദീപും ഭാര്യയുമാണ് ലളിതം സുന്ദരം സെറ്റിൽ സന്ദർശനം നടത്തിയത്.

‘പ്രിയപ്പെട്ട കിച്ച സുദീപ് സാറും അദ്ദേഹത്തിന്റെ ഭാര്യ പ്രിയസുദീപും മനോഹരമായ ഒരു സന്ദർശനം നടത്തിയപ്പോൾ..ഞങ്ങളുടെ ലളിതം സുന്ദരം സെറ്റിലെ ആവേശകരമായ മുഖങ്ങൾ..കേരളത്തിന്റെ ഏറെ പ്രിയപ്പെട്ട ‘ഈച്ച’ താരത്തിനെ കണ്ടുമുട്ടിയതിൽ വളരെ സന്തോഷമുണ്ട് !!!’- മഞ്ജു വാര്യർ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് കുറിക്കുന്നു.

Read More: ഇത് പ്രിയദർശന്റെ അമ്മയുടെ സ്പെഷ്യൽ റെസിപ്പി; കാളാഞ്ചി ഫ്രൈ തയ്യാറാക്കി മോഹൻലാൽ- വീഡിയോ

അതേസമയം, ‘ലളിതം സുന്ദരം’ എന്ന ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്ന ഒരാളാണ് നടൻ സൈജു കുറുപ്പ്. താരവും ലളിതം സുന്ദരം ഷൂട്ടിംഗിൽ പങ്കെടുക്കുന്നു എന്ന് സമൂഹമാധ്യമങ്ങളിലൂടെപങ്കുവെച്ചിരുന്നു.മലയാളത്തിന്റെ പ്രിയ താരം മഞ്ജു വാര്യരുടെ ഒരു പ്രതീക്ഷ നിറഞ്ഞ ചിത്രമാണ് ‘ലളിതം സുന്ദരം’. മഞ്ജുവിന്റെ സഹോദരൻ മധു വാരിയർ ആദ്യമായി ലളിതം സുന്ദരം വഴി സംവിധായകന്റെ കുപ്പായം അണിയുകയാണ്. കൂടാതെ, രണ്ട് പതിറ്റാണ്ടിനുശേഷം ബിജു മേനോനുമായി മഞ്ജു ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

Story highlights- manju warrier about kichasudeep