‘യാതൊരു പുതുമയും ഇല്ലാത്ത അൽഫോൺസിന്റെ മൂന്നാമത്തെ ചിത്രം’- ‘പാട്ടി’ൽ വേഷമിടാൻ ഫഹദ് ഫാസിലും നയൻതാരയും

December 19, 2020

ഫഹദ് ഫാസിലിനെ നായകനാക്കി അൽഫോൺസ് പുത്രൻ ഒരുക്കുന്ന ചിത്രമാണ് പാട്ട്. യുജിഎം എന്റർടെയ്ൻമെന്റ്‌സ് (സക്കറിയ തോമസ് & ആൽവിൻ ആന്റണി) ആണ് നിർമാണം. അൽഫോൺസ് പുത്രൻ തന്നെയാണ് സംഗീത സംവിധാനം നിർവഹിക്കുന്നതും. ഇപ്പോഴിതാ, ചിത്രത്തിന്റെ ടെെറ്റില്‍ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് ഫഹദ് ഫാസില്‍. ‘യാതൊരു പുതുമയും ഇല്ലാത്ത അൽഫോൺസിന്റെ മൂന്നാമത്തെ മലയാള ചലച്ചിത്രം. ഇക്കുറി ഞാനും’ എന്ന കുറിപ്പിനൊപ്പമാണ് ഫഹദ് ഫാസിൽ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്.

നയൻതാരയാണ് ചിത്രത്തിൽ ഫഹദിന്റെ നായികയായി എത്തുന്നത്. ഫഹദിനൊപ്പം നയൻ‌താര ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് പാട്ട്.

2008 ൽ വിജയ് സേതുപതിയെ നായകനാക്കി നേരം എന്ന ഹ്രസ്വചിത്രമൊരുക്കിയാണ് അൽഫോൺസ് തന്റെ ചലച്ചിത്ര ജീവിതം ആരംഭിച്ചത്. നസ്രിയ നസീമും നിവിൻ പോളിയും വേഷമിട്ട ഒരു മ്യൂസിക് വീഡിയോ 2012 ൽ വൻ വിജയമായിരുന്നു. 2013ൽ നസ്രിയയും നിവിനും താരങ്ങളായി നേരം എന്ന സിനിമയൊരുക്കി. 2015 ൽ ഒരുക്കിയ പ്രേമം വൻ വിജയമായിത്തീർന്നതോടെ അൽഫോൺസ് പുത്രൻ ശ്രദ്ധ നേടുകയായിരുന്നു.

പ്രേമം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം പ്രേമം ടീമും അൽഫോൻസ് പുത്രനും ചേർന്നൊരുക്കിയ തൊബാമ എന്ന ചിത്രവും ശ്രദ്ധ നേടിയിരുന്നു. മുഹ്‌സിൻ കാസിമായിരുന്നു ചിത്രത്തിന്റെ സംവിധായകൻ. സിജു വില്‍സണ്‍, കൃഷ്ണ ശങ്കര്‍, ഷറഫുദ്ദീന്‍, ശബരീഷ് വര്‍മ്മ തുടങ്ങി പ്രേമം ചിത്രത്തിലൂടെ ശ്രദ്ധേയരായ നിരവധി താരങ്ങൾ തൊബാമയിലും വേഷമിടുന്നുണ്ട്. ചിത്രത്തിന്റെ നിർമാതാവായിരുന്നു അൽഫോൺസ് പുത്രൻ.

Read More: ‘പിന്നീട് നടന്നത്, നിങ്ങൾക്കും എനിക്കും അറിയാവുന്ന ചരിത്രം’- ‘ദൃശ്യം 2’ ആവേശം പങ്കുവെച്ച് മോഹൻലാൽ

അതേസമയം സി യു സൂണ്‍ ആണ് ഫഹദ് നായകനായി ഏറ്റവും ഒടുവില്‍ പ്രേക്ഷകരിലേക്ക് എത്തിയ ചിത്രം. മഹേഷ് നാരായണന്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. പൂര്‍ണ്ണമായും മൊബൈലിലാണ് ഈ സിനിമ ഷൂട്ട് ചെയ്തിരിക്കുന്നത് എന്നതും മറ്റൊരു പ്രത്യേകതയാണ്.

Story highlights- pattu movie updates