‘പിന്നീട് നടന്നത്, നിങ്ങൾക്കും എനിക്കും അറിയാവുന്ന ചരിത്രം’- ‘ദൃശ്യം 2’ ആവേശം പങ്കുവെച്ച് മോഹൻലാൽ

December 19, 2020

മലയാള സിനിമയിൽ ചരിത്രം രചിച്ച ചിത്രമാണ് ദൃശ്യം. ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മിച്ചിരിക്കുന്നത്. മോഹൻലാൽ ഒരു കർഷകനായി പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തിൽ മീനയാണ് നായികാ വേഷത്തിൽ എത്തിയത്. മലയാള സിനിമയിൽ ആദ്യമായി നൂറു കോടി നേടിയ ചിത്രം കൂടിയാണ് ദൃശ്യം. ഇപ്പോഴിതാ, ദൃശ്യം ഏഴാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്. വാർഷിക ദിനത്തിൽ ദൃശ്യം 2നെ കുറിച്ച് ആകാംക്ഷ നിറഞ്ഞ ഒരു വിശേഷം പങ്കുവയ്ക്കുകയാണ് മോഹൻലാൽ.

മോഹൻലാലിൻറെ വാക്കുകൾ

‘വർഷങ്ങൾക്ക് മുൻപ്, ഡബ്ബിങ് സ്റ്റുഡിയോയുടെ മോണിറ്ററിൽ ഇതുപോലൊരു റീൽ കാർഡ് ഞാൻ കണ്ടു. പിന്നീട് നടന്നത്, നിങ്ങൾക്കും എനിക്കും അറിയാവുന്ന ചരിത്രം. ദൃശ്യം.. ഇന്ന് ഈ ഡിസംബർ 19ന് ദൃശ്യം നിങ്ങളിലേക്കെത്തിയിട്ട് 7 വർഷം തികയുന്ന ദിവസം, നിങ്ങളിലേക്ക് ഒരു റീൽ കാർഡ് കൂടെ… ദൃശ്യം 2 ടീസറിൻ്റെത്.. കാത്തിരിക്കാൻ ഇനി കുറച്ചു നാളുകൾ കൂടെ… ജനുവരി 1ന്പുതുവത്സര ദിനത്തിൽ ദൃശ്യം 2 ടീസർ നിങ്ങളിലേക്ക്..’.

 2013 ഡിസംബർ 19നായിരുന്നു മലയാളികളിലേക്ക് വേറിട്ടൊരു പ്രമേയവുമായി ദൃശ്യം എത്തിയത്. മോഹൻലാൽ, മീന, അൻസിബ ഹസൻ, എസ്തർ അനിൽ എന്നിവരായിരുന്നു ജീത്തു ജോസഫ് ഒരുക്കിയ ദൃശ്യത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്.

Read More: ജോർജുകുട്ടിയും കുടുംബവും ഹൃദയങ്ങൾ കീഴടക്കിയ ദിനം- ഏഴാം വാർഷിക നിറവിൽ ദൃശ്യം

അതേസമയം, കൊവിഡ് പ്രതിസന്ധിയിൽ നിയന്ത്രണങ്ങൾ പാലിച്ച് ദൃശ്യം 2 അടുത്തിടെയാണ് പൂർത്തിയാക്കിയത്. ആദ്യഭാഗത്തിലെ താരങ്ങൾ തന്നെയാണ് രണ്ടാം ഭാഗത്തിലും വേഷമിടുന്നത്. 56 ദിവസങ്ങളായിരുന്നു ചിത്രീകരണത്തിനായി നിശ്ചയിച്ചതെങ്കിലും 46 ദിവസംകൊണ്ട് ദൃശ്യം 2 പൂർത്തിയാക്കാൻ സാധിച്ചു. ഒരു കുടുംബ ചിത്രമായാണ് ആദ്യ ഭാഗത്ത് നിന്നും വ്യത്യസ്തമായി ദൃശ്യം 2 ഒരുങ്ങുന്നത്. അതുകൊണ്ടുതന്നെ തികച്ചും കുടുംബാന്തരീക്ഷത്തിലാണ് ചിത്രീകരണം നടന്നത്.

Story highlights- drishyam 2 teaser updates