ജോർജ്കുട്ടിയും കുടുംബവും വീണ്ടുമെത്തുന്നു, ഇത്തവണ ഹിന്ദിയിൽ; ‘ദൃശ്യം 2’ ഹിന്ദി പതിപ്പിന്റെ ട്രെയ്‌ലറെത്തി

October 17, 2022

ഇന്ത്യയൊട്ടാകെ തരംഗമായി മാറിയ ചിത്രമാണ് ‘ദൃശ്യം.’ മോഹൻലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് ജീത്തു ജോസഫ് സംവിധാനം ചെയ്‌ത ചിത്രം ഇന്ത്യയ്ക്കകത്തും പുറത്തും ഒട്ടേറെ ഭാഷകളിലേക്ക് റീമേക്ക് ചെയ്‌തിരുന്നു. ചിത്രത്തിന്റെ വിവിധ ഭാഷാപതിപ്പുകൾ സൂപ്പർ ഹിറ്റുകളായി മാറിയിരുന്നു. ആദ്യ ഭാഗം വലിയ ഹിറ്റായതിനെ തുടർന്ന് ചിത്രത്തിന്റെ രണ്ടാം ഭാഗവും റിലീസ് ചെയ്‌തിരുന്നു. ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്‌ത ചിത്രം വലിയ വിജയമായി മാറിയിരുന്നു.

ഇപ്പോൾ ദൃശ്യം 2 വിന്റെ ഹിന്ദി റീമേക്ക് റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ ട്രെയ്‌ലർ ഇപ്പോൾ റിലീസ് ചെയ്‌തിരിക്കുകയാണ്. ത്രില്ലടിപ്പിക്കുന്ന രംഗങ്ങളാണ് ചിത്രത്തിലുള്ളതെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. അഭിഷേക് പതകാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രിയ ശരണ്‍, തബു, ഇഷിത് ദത്ത തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

ദൃശ്യത്തിന്റെ ആദ്യ ഭാഗം തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകള്‍ക്ക് പുറമേ സിംഹള, ചൈനീസ് ഭാഷകളിലും പല കാലങ്ങളിലായി റീമേക്ക് ചെയ്യപ്പെട്ടിരുന്നു. അവയൊക്കെ വലിയ വിജയങ്ങളും നേടിയിരുന്നു. ഇന്തോനേഷ്യന്‍ ഭാഷയിലും ചിത്രം റീമേക്ക് ചെയ്യുന്നുവെന്ന് മലയാളം ഒറിജിനലിന്‍റെ നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസ് വെളിപ്പെടുത്തിയിരുന്നു. ‘ദൃശ്യ’ എന്ന പേരില്‍ കന്നഡയിലും തമിഴില്‍ ‘പാപനാശം’ എന്ന പേരിലുമായിരുന്നു ചിത്രം റീമേക്ക് ചെയ്യപ്പെട്ടത്. പനോരമ സ്റ്റുഡിയോസ് ഇന്റര്‍നാഷണലിന്റെ ബാനറിലാണ് ദൃശ്യം 2 വിന്റെ ഹിന്ദി പതിപ്പൊരുങ്ങുന്നത്.

Read More: പ്രതികാര കഥയുമായി പൃഥ്വിരാജ് സുകുമാരനും വൈശാഖും- ‘ഖലീഫ’ ഒരുങ്ങുന്നു

2021 ഫെബ്രുവരി 19 നാണ് ‘ദൃശ്യം 2’ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്‍തത്. മോഹന്‍ലാലിന്റെ ജോർജ്കുട്ടി എന്ന കഥാപാത്രത്തിനും ജീത്തു ജോസഫിന്റെ സംവിധാനത്തിനും ലോകമെമ്പാടുമുള്ള പ്രേക്ഷരില്‍ നിന്നും വൻ പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം മീന, അന്‍സിബ, എസ്‍തര്‍, സിദ്ദിഖ്, ആശ ശരത്, സിദ്ദിഖ് എന്നിങ്ങനെ ആദ്യ ഭാഗത്തിലെ താരങ്ങളും അഭിനയിച്ചിരുന്നു. രണ്ടാം ഭാഗത്തില്‍ മുരളി ഗോപി, സായികുമാര്‍, ഗണേഷ് കുമാര്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തി.

Story highlights: Drishyam 2 hindi trailer released