ശ്രദ്ധേയമായി ആൻഡ്രിയയുടെ പുതിയ ലുക്ക്; പോസ്റ്റർ പങ്കുവെച്ച് സംവിധായകൻ
സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുകയാണ് വിന്റേജ് ലുക്കിലുള്ള ആൻഡ്രിയ ജെറമിയയുടെ ചിത്രം. മിഷ്‌കിന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പിസാസ് 2-ന് വേണ്ടിയുള്ള ആൻഡ്രിയയുടെ ലുക്കാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. അതേസമയം ദുരൂഹതകൾ ഒളിപ്പിച്ചുകൊണ്ടാണ് ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ ഒരുക്കിയിരിക്കുന്നത്. ആൻഡ്രിയയുടെ ജന്മദിനമായ ഡിസംബർ 21 നാണ് പുതിയ പോസ്റ്റർ ചിത്രത്തിന്റെ അണിയറപ്രവർത്തകർ പങ്കുവെച്ചത്.
പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടിയ ചിത്രമായിരുന്നു പിസാസ്. 2014 ലാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. മിഷ്‌കിൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ നാഗ, പ്രയാഗ മാർട്ടിൻ, രാജ് കുമാർ, അശ്വത്, രാധരവി, കല്യാണി നടരാജൻ, ഹരീഷ് ഉത്തമൻ എന്നിവരാണ് വേഷമിട്ടത്. പിന്നീട് പിസാച്ചി എന്ന പേരിൽ തെലുങ്കിലും കന്നഡയിൽ രാക്ഷസി എന്ന പേരിലും ഹിന്ദിയിൽ നാനു കി ജാനു എന്ന പേരിലും ചിത്രം എത്തിയിരുന്നു.
അടുത്തിടെയാണ് സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. ഒന്നാം ഭാഗത്തിന്റെ തുടർച്ചയല്ലെങ്കിലും രണ്ടാം ഭാഗത്തിൽ ആദ്യ ഭാഗത്തിന്റെ പരാമർശം ഉണ്ടാകും എന്നാണ് സൂചന. സൈക്കോയിലൂടെ ശ്രദ്ധേയനായ രാജ്കുമാർ പിച്ചുമണി ഈ ചിത്രത്തിലും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.
Read also:ഇതാണ് ആദ്യത്തെ ക്രിസ്‌മസ് കാർഡ്; വിൽപ്പനയ്ക്കുവെച്ച് 177 വർഷം മുൻപത്തെ കാർഡ്
അതേസമയം നിരവധി ചിത്രങ്ങളാണ് ആൻഡ്രിയുടേതായി വെള്ളിത്തിരയിൽ ഒരുങ്ങുന്നത്. വിജയ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മാസ്റ്റർ എന്ന ചിത്രത്തിൽ ആൻഡ്രിയ ഒരു മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ‘കൈതി’ക്ക് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണ് മാസ്റ്റർ. വിജയ് സേതുപതിയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വിദ്യാഭ്യാസ രംഗത്തെ അഴിമതിയാണ് ചിത്രത്തിന്റെ ഇതിവൃത്തം. കോളജ് പ്രൊഫസറുടെ വേഷത്തിലാണ് വിജയ് എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Story Highlights: pisasu-2 andrea look goes viral