‘സൂരജ്, ഇപ്പോൾ എങ്ങനെയുണ്ട്’; അവിചാരിതമായി ആരാധകനെത്തേടിയെത്തിയ പൃഥ്വിരാജിന്റെ ഫോൺ കോൾ

December 7, 2020
Prithviraj Sukumaran wishes to fan

അഭിനയത്തിനപ്പുറം ആരാധകരുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് ചലച്ചിത്രതാരം പൃഥ്വിരാജ് സുകുമാരൻ. പലപ്പോഴും ആരാധകരുമായി സമൂഹമാധ്യമങ്ങളിലൂടെയും താരം വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ കൊവിഡ് പോസിറ്റീവായ ആരാധകനെത്തേടിയെത്തിയ പൃഥ്വിരാജ് സുകുമാരന്റെ ഫോൺ കോളാണ് ഏറെ ശ്രദ്ധ നേടുന്നത്.

കൊവിഡ് പോസിറ്റീവായ സൂരജ് എന്ന വ്യക്തിയെത്തേടിയാണ് അവിചാരിതമായി ഒരു ഫോൺ കോൾ എത്തിയത്. ‘സൂരജ്, പൃഥ്വിരാജ് ആണ്’ എന്ന് പറഞ്ഞുകൊണ്ടാണ് പൃഥ്വിയുടെ കോള്‍ ആരംഭിക്കുന്നത്. ഇപ്പോള്‍ എങ്ങനെയുണ്ടെന്നും ചോദിച്ച താരം സാമ്പത്തീകമായി സഹായം ആവശ്യമുണ്ടോ എന്നും സൂരജിനോട് ചോദിക്കുന്നുണ്ട്. ‘പേടിക്കുകയൊന്നും വേണ്ട. കൊവിഡ് പോസിറ്റീവ് ആവുക എന്നു പറഞ്ഞാല്‍ ഇപ്പോള്‍ വലിയ ഒരു കാര്യമൊന്നും അല്ല, എല്ലാവർക്കും വന്നുപോകുന്നു എന്നാണ് എനിക്ക് തോന്നുന്നത്’എന്നും പൃഥ്വിരാജ് പറയുന്നുണ്ട്.

നേരത്തെ പൃഥ്വിരാജ് സുകുമാരനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ജനഗണമന എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പൃഥ്വിരാജിന് കൊവിഡ് സ്ഥിരീകരിച്ചത്. രോഗമുക്തനായ ശേഷം കോൾഡ് കേസ് എന്ന സിനിമയിലാണ് താരം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. പൃഥ്വിരാജ് അഭിഭാഷകന്റെ വേഷത്തിലെത്തുന്ന ചിത്രമാണ് ‘ജനഗണമന’. ‘ഡ്രൈവിംഗ് ലൈസൻസി’ന് ശേഷം പൃഥ്വിരാജ് സുകുമാരനും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ‘ക്വീൻ’ എന്ന ചിത്രത്തിന് ശേഷം ഡിജോ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജനഗണമന’.

Story Highlights:prithviraj phone call to his fan tested covid positive