മലയാള സിനിമയിൽ സംഗീതമൊരുക്കാൻ സന്തോഷ് നാരായണൻ; ടൊവിനോ ചിത്രത്തിലൂടെ അരങ്ങേറ്റം

December 20, 2020

സംഗീതാസ്വാദകർക്ക് നിരവധി ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച സംഗീത സംവിധായകനാണ് സന്തോഷ് നാരായണൻ. തമിഴിൽ ഒരുപിടി മികച്ച ഗാനങ്ങൾ ഒരുക്കിയ സന്തോഷ് നാരായണൻ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിയ്ക്കാൻ ഒരുങ്ങുകയാണ്. ടൊവിനോ തോമസ് നായകനാകുന്ന ചിത്രത്തിലൂടെയാണ് സന്തോഷ് നാരായണൻ മലയാളത്തിലേക്ക് എത്തുന്നത്. നവാഗതനായ ഡാർവിൻ കുര്യാക്കോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് ജിനു വി എബ്രഹാമാണ്. ഛായാഗ്രഹണം ഗിരീഷ് ഗംഗാധരനാണ്. എഡിറ്റിങ് സൈജു ശ്രീധരൻ ആണ്. അതേസമയം ചിത്രത്തിന്റെ കൂടുതൽ വിശദാംശങ്ങൾ വൈകാതെ പുറത്തുവിടുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. തമിഴിൽ ഒട്ടേറെ ഗാനങ്ങൾ ഒരുക്കിയ സംഗീതം സംവിധായകനാണ് സന്തോഷ് നാരായണൻ.

അതേസമയം ടൊവിനോ തോമസ് പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് കാണെക്കാണെ. മനു അശോകനാണ് ചിത്രത്തിന്റെ സംവിധാനം. ടൊവിനോയ്ക്ക് പുറമെ, ഐശ്വര്യ ലക്ഷ്മി, സുരാജ് വെഞ്ഞാറമൂട്, ശ്രുതി രാമചന്ദ്രന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.

ബോബി-സഞ്ജയ് ആണ് കാണെക്കാണെയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഉയരെ എന്ന സിനിമയ്ക്ക് ശേഷം ടൊവിനോ- മനു അശോകന്‍- ബോബി-സഞ്ജയ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം എന്ന പ്രത്യേകതയും കാണെക്കാണെയ്ക്ക് ഉണ്ട്. ആല്‍ബി ആന്റണിയാണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

കള എന്ന പേരില്‍ മറ്റൊരു ചിത്രവും ടൊവിനോയുടേതായി ഒരുങ്ങുന്നുണ്ട്. രോഹിത് വി എസ് ആണ് കള എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ‘അഡ്വെഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍’, ‘ഇബ്ലീസ്, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രോഹിത് വി എസ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘കള’യ്ക്ക് ഉണ്ട്.

Story Highlights: Composer Santosh Narayanan to make his Mollywood debut with Tovino film