കെജിഎഫ്-2 ക്ലൈമാക്സ് സംഘട്ടന രംഗങ്ങൾ പൂർത്തിയായി; ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്ന ദിവസത്തിനായി കാത്തിരിക്കുന്നുവെന്ന് സംവിധായകൻ

December 20, 2020

തിയേറ്ററുകളിൽ തരംഗം സൃഷ്ടിച്ച് മുന്നേറിയ ചിത്രമാണ് കെജിഎഫ്. യാഷ് നായകനായി എത്തിയ ചിത്രം മലയാളം, കന്നഡ, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലും റിലീസ് ചെയ്തിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന വാർത്ത ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ സംഘട്ടന രംഗങ്ങളുടെ ചിത്രീകരണം പൂർത്തിയായ സന്തോഷം പങ്കുവയ്ക്കുകയാണ് സംവിധായകൻ പ്രശാന്ത് നീൽ.

ഹൈദരാബാദ് രാമോജി റാവു ഫിലിം സിറ്റിയില്‍ ചിത്രീകരിച്ച സ്റ്റണ്ട് രംഗങ്ങളാണ് പൂർത്തിയായത്.ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്ന ദിവസത്തിനായുള്ള കാത്തിരിപ്പിലാണെന്നും സംവിധായകന്‍ കുറിച്ചു. സഞ്ജയ് ദത്ത് യഥാർത്ഥ ജീവിതത്തിലും ഒരു പോരാളിയാണെന്നും ക്രൂവിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് അദ്ദേഹം കുറിച്ചു.

Nothing short of a crazy, exhausting and fulfilling shoot🎥The best team hands down!! Sanjay Dutt sir a true warrior in…

Posted by Prashanth Neel on Saturday, December 19, 2020

ചിത്രത്തിൽ സഞ്‌ജയ്‌ ദത്ത് ആണ് വില്ലനായി എത്തുന്നത്. വില്ലൻ അധീരയെന്ന കഥാപാത്രത്തെയാണ് സഞ്ജയ് ദത്ത് അവതരിപ്പിക്കുന്നത്. കെജിഎഫിനായുള്ള താരത്തിന്റെ മേക്ക് ഓവർ ലുക്ക് നേരത്തെ ഏറെ ശ്രദ്ധ നേടിയിരുന്നു. ആറുമാസങ്ങൾക്ക് മുൻപ് ചിത്രീകരണം തുടങ്ങിയ കെജിഎഫ് കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ നിർത്തിവെച്ചിരുന്നു. പിന്നീട് സർക്കാർ നിർദേശങ്ങൾ പാലിച്ച് രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് നടത്തുകയായിരുന്നു.

Read also:ഗോൾഡൻ ഗ്ലോബ് അവാർഡ്‌സിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് സൂര്യയുടെ ‘സൂരരൈ പോട്രു’

കഴിഞ്ഞ വർഷം ഡിസംബർ 21-നാണ് കെജിഎഫിന്‍റെ ആദ്യ ഭാഗം ഇന്ത്യയിൽ റിലീസ് ചെയ്തത്. ‘ഉഗ്രം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ പ്രശാന്ത് നീൽ ആണ് ചിത്രം സംവിധാനം ചെയ്തത്. കന്നഡ സൂപ്പർ താരം യാഷ് പ്രധാന വേഷത്തിലെത്തുന്ന സിനിമയിൽ ശ്രിനിധി ഷെട്ടി, രമ്യ കൃഷ്ണ, ആനന്ദ് നാഗ് എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.

കന്നഡയിലെ ഏറ്റവും ചിലവേറിയ സിനിമയെന്ന വിശേഷണത്തോടെയാണ് കെജിഎഫ് വരുന്നത്. ഏകദേശം രണ്ടുവർഷം കൊണ്ട് പൂർത്തീകരിച്ച സിനിമ രണ്ടു ഭാഗങ്ങളായാണ് ചിത്രീകരിച്ചിരിക്കുന്നത്. കോലാറിന്റെ സ്വർണഖനിയുടെ പശ്ചാത്തലത്തിൽ റോക്കി എന്ന അധോലോക നായകന്റെ കഥയാണ് ചിത്രം പറയുന്നത്. പീരിഡ് ഡ്രാമ വിഭാഗത്തിൽപെടുന്ന ചിത്രമാണ് കെജിഎഫ്. നിരവധി സസ്‌പെൻസും ആകാംഷയും നിറഞ്ഞ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. അതുകൊണ്ടുതന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ.

Story Highlights: shooting of kgf 2 climax completed