‘ഡിസംബർ 23, ഞാൻ എന്നും വിലമതിക്കുന്ന ഒരു തീയതി’- ഓർമ്മകൾ പങ്കുവെച്ച് സുരേഷ് ഗോപി
ഡിസംബർ 23 സുരേഷ് ഗോപിയെ സംബന്ധിച്ച് വളരെ പ്രത്യേകതയുള്ള ദിവസമാണ്. കാരണം സുരേഷ് ഗോപിയുടെ രണ്ട് ഹിറ്റ് ചിത്രങ്ങൾ ഡിസംബർ 23നാണ് പുറത്തിറങ്ങിയത്. അതുകൊണ്ടുതന്നെ ഈ ദിവസങ്ങൾ അദ്ദേഹത്തിന്റെ കരിയറിലെ തന്നെ പ്രത്യേക ദിനങ്ങളാണ്. 2020 ഡിസംബർ 23 ന് ‘മണിചിത്രത്താഴി’ന് 27 വയസ്സ് തികഞ്ഞു. ‘തെങ്കാശിപട്ടണം’ അതേ ദിവസം തന്നെ 20 വർഷം പൂർത്തിയാക്കി. രണ്ട് ചിത്രങ്ങളും സുരേഷ് ഗോപിയുടെ കരിയറിൽ നിർണായക പങ്കുവഹിച്ചതാണ്.
വഴിത്തിരിവായ ചിത്രങ്ങളുടെ ഓർമ്മ പങ്കുവയ്ക്കുകയാണ് സുരേഷ് ഗോപി. ‘മണിച്ചിത്രത്താഴിന്റെ 27 വർഷവും തെങ്കാശിപ്പട്ടണത്തിന്റെ 20 വർഷവുംഒന്നിച്ച് ആഘോഷിക്കുകയാണ്. രണ്ടുചിത്രങ്ങളിലും പ്രവർത്തിച്ചിരുന്ന എല്ലാ പ്രമുഖ കലാകാരന്മാർക്കും സാങ്കേതിക വിദഗ്ധർക്കും, പ്രത്യേകിച്ച് അതിന്റെ സ്രഷ്ടാക്കളായ ഫാസിൽ സർ, റാഫി – മെക്കാർട്ടിൻ എന്നിവർക്കും ആശംസകൾ. ഡിസംബർ 23 നിരവധി നിമിഷങ്ങളും ഓർമ്മകളും വിനോദവും ചിരിയും തിരികെ കൊണ്ടുവരുന്ന ദിനമാണ്. ഞാൻ എന്നും വിലമതിക്കുന്ന ഒരു തീയതി! ‘ സുരേഷ് ഗോപി ഇൻസ്റ്റാഗ്രാമിൽ കുറിക്കുന്നു.
രണ്ടു ചിത്രങ്ങളുടെയും പോസ്റ്ററുകളും താരം പങ്കുവെച്ചിട്ടുണ്ട്. ഫാസിലിന്റെ സംവിധാനത്തിൽ 1993ൽ പുറത്തിറങ്ങിയ ചിത്രമാണ് മണിച്ചിത്രത്താഴ്. ചിത്രത്തിൽ ശോഭന, സുരേഷ് ഗോപി, മോഹൻലാൽ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മലയാളത്തിൽ ഇതുവരെ നിർമ്മിച്ചതിൽ വെച്ച് ഏറ്റവും മികച്ച ക്ലാസിക്കുകളിലൊന്നായ മണിച്ചിത്രത്താഴ് വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ വിജയം രാജ്യമെമ്പാടുമുള്ള ചലച്ചിത്ര പ്രവർത്തകരെ ആകർഷിക്കുകയും ബോളിവുഡ് ഉൾപ്പെടെ നിരവധി ഭാഷകളിൽ ഇത് റീമേക്കും ചെയ്തു.
അതേസമയം, 2000ലാണ് ‘തെങ്കാശിപ്പട്ടണം’ റിലീസ് ചെയ്തത്. റാഫി മെക്കാർട്ടിൻ സംവിധാനം ചെയ്ത ചിത്രത്തിൽ ലാൽ, സുരേഷ് ഗോപി, ദിലീപ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Story highlights- suresh gopi about manichithrathazhu and thenkashippattanam