ഫിലിം കംപാനിയൻ അവാർഡ് നേടി ‘തുറമുഖം’ പോസ്റ്റർ
രാജീവ് രവി- നിവിന്‍ പോളി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് ‘തുറമുഖം’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഉൾപ്പെടെ പുറത്തുവന്ന എല്ലാ പോസ്റ്ററുകളും ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇപ്പോഴിതാ പുതിയ നേട്ടം കരസ്ഥമാക്കിയിരിക്കുകയാണ് ചിത്രത്തിന്റെ പോസ്റ്റർ. ഫിലിം കംപാനിയൻ തെരഞ്ഞെടുത്ത 2020 ലെ ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച പത്ത് സിനിമാ പോസ്റ്ററുകളിൽ അഞ്ചാം സ്ഥാനം നേടിയിരിക്കുകയാണ് തുറമുഖം പോസ്റ്റർ. ചിത്രത്തിന്റെതായി പുറത്തുവന്ന എല്ലാ പോസ്റ്ററുകളിലും ഐതിഹാസിക സമര ചരിത്രത്തിന്റെ തീവ്രത പ്രകടമായിരുന്നു.
അതേസമയം ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ‘മൂത്തോനി’ലൂടെ വെള്ളിത്തിരയില്‍ പുതിയൊരു അത്ഭുതം സൃഷ്ടിച്ച നിവിന്‍ പോളി ‘തുറമുഖം’ എന്ന ചിത്രത്തിലൂടെ മറ്റൊരു വിസ്മയം പ്രേക്ഷകര്‍ക്കായി ഒരുക്കമെന്ന പ്രതീക്ഷയും നല്‍കുന്നുണ്ട് ചിത്രത്തിന്റെ പോസ്റ്ററുകൾ. നിവിന്‍ പോളിയുടേത് കരുത്താര്‍ന്ന കഥാപാത്രമാണെന്ന് സൂചന നല്‍കുന്നതാണ് ഇതുവരെ പുറത്തുവന്ന പോസ്റ്ററുകൾ.
‘കമ്മട്ടിപ്പാടം’ എന്ന ചിത്രത്തിനു ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തുറമുഖം’. കൊച്ചിയിലെ തുറമുഖത്തെ തൊഴിലാളികളുടെ കഥയാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. ഇത് വ്യക്തമാക്കുന്ന തരത്തിലുള്ളതാണ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും. രാജീവ് രവി സംവിധാനം ചെയ്യുന്ന ആദ്യ നിവിന്‍ പോളി ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.
നിരവധി താരനിരകളെ അണിനിരത്തിയാണ് ‘തുറമുഖം’ ഒരുക്കുന്നത്. നിവിന്‍ പോളിക്ക് പുറമെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ജേതാവ് നിമിഷ സജയന്‍, ബിജു മേനോന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, ഇന്ദ്രജിത്ത്, മണികണ്ഠന്‍ ആചാരി തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു. 1950 കാലഘട്ടങ്ങളിലെ കഥയാണ് ചിത്രം പറയുന്നതെന്നും ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
Read also: നമുക്ക് പങ്കുവയ്ക്കാൻ ഒരുപാട് രഹസ്യങ്ങളുണ്ടെന്ന് അവർ കരുതും; പ്രിയസുഹൃത്തിന് പിറന്നാൾ ആശംസകൾ നേർന്ന് മഞ്ജു വാര്യർ
തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ടാണ് ‘തുറമുഖം’ എന്ന ചിത്രത്തിന്റെ നിര്‍മാണം. ഗോപന്‍ ചിതംബരത്തിന്റേതാണ് കഥ. കൊച്ചി തുറമുഖത്ത് നിലനിന്നിരുന്ന ‘ചാപ്പ’ എന്ന സമ്പ്രദായത്തെക്കുറിച്ചാണ് ‘തുറമുഖം’ എന്ന സിനിമയൊരുങ്ങുന്നതെന്നും ചില സൂചനകള്‍ പുറത്തുവരുന്നുണ്ട്.
രക്തചൊരിച്ചിലികള്‍ക്കു പോലും കാരണമായിട്ടുണ്ട് ഈ സമ്പ്രദായം. തൊഴിലിനായി കടപ്പുറത്തു കാത്തുനില്‍ക്കുന്നവര്‍ക്ക് കപ്പലിലെ മേല്‍നോട്ടക്കാരന്‍ ചാപ്പ എന്നറിയപ്പെടുന്ന ലോഹ ടോക്കണ്‍ വലിച്ചെറിയാറുണ്ടായിരുന്നു. ഈ ടോക്കണ്‍ ലഭിക്കുന്നവര്‍ക്കാണ് തൊഴിലെടുക്കാന്‍ അവസരമുള്ളത്. അതിനാല്‍ ടോക്കണ്‍ ലഭിക്കുന്നതിനുവേണ്ടി ഓടിയും തമ്മിലടിച്ചും തൊഴിലാളികള്‍ പരക്കം പായുക പതിവായിരുന്നു. നിരവധി പ്രക്ഷോപങ്ങള്‍ക്കും ‘ചാപ്പ’ എന്നറിയപ്പെടുന്ന ഈ സമ്പ്രദായം വഴിതെളിച്ചിട്ടുണ്ട്.
Story highlights: thuramukham gets film companion best poster award