‘വ്യൂഹം’; തെലുങ്കിൽ റിലീസിനൊരുങ്ങി ടൊവിനോ തോമസ് ചിത്രം

December 18, 2020
vyuham

ടൊവിനോ തോമസ് മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച മധുപാൽ ചിത്രമാണ് ഒരു കുപ്രസിദ്ധ പയ്യൻ. തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രം തെലുങ്കിൽ റിലീസിനൊരുങ്ങുകയാണ്. തെലുങ്കിലേക്ക് മൊഴിമാറ്റിയ ചിത്രത്തിന്റെ പേരും വ്യൂഹം എന്നാക്കി മാറ്റിയിട്ടുണ്ട്. മലയാള ചിത്രങ്ങൾ തെലുങ്കിലേക്ക് മൊഴിമാറ്റി റിലീസ് ചെയ്യുന്ന അഹാ എന്ന ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ക്രിസ്മസ് റിലീസായി ഈ മാസം 25 നാണ് ചിത്രം എത്തുന്നത്.

ജീവൻ ജോബ് തോമസ് തിരക്കഥയും സംഭാഷണവും നിർവഹിച്ച ചിത്രത്തിൽ അജയൻ എന്ന പാൽക്കാരൻ പയ്യനായാണ് ടൊവിനോ എത്തുന്നത്. നിമിഷ സജയൻ, അനു സിതാര തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വര്‍ത്തമാന കാലത്ത് ഏറെ പ്രസക്തമായ വിഷയമാണ് ചിത്രം ചര്‍ച്ചചെയ്യുന്നത്. സാധാരണക്കാരനോട് നിയമവ്യവസ്ഥിതികളും പോലീസ് സംവിധാനങ്ങളും പുലര്‍ത്തുന്ന ചില നീതി നിഷേധങ്ങളെ പച്ചയായ് തുറന്നു കാണിക്കാന്‍ ശ്രമിക്കുന്നുണ്ട് സംവിധായകന്‍.

അനാഥനായ അജയന്‍ ഒരു കൊലപാതക കേസില്‍ പ്രതിയാകുന്നു. പ്രതിയായതല്ല പോലീസ് മനപ്പൂര്‍വ്വം പ്രതിയാക്കിയതാണ്. ജയിലില്‍ അടയ്ക്കപ്പെട്ട അജയനുവേണ്ടി കോടതി വക്കീലിനെ ഏര്‍പ്പാടാക്കുന്നു. തുടര്‍ന്നു നടക്കുന്ന നിയമപോരാട്ടങ്ങളാണ് ഒരു കുപ്രസിദ്ധ പയ്യനിലൂടെ പറയുന്നത്.

Read also:2021 ന്റെ ട്രെൻഡായി മഞ്ഞയും ഗ്രേയും നിറങ്ങൾ

ഔസേപ്പച്ചനാണ് ചിത്രത്തിനുവേണ്ടി സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ശ്രീകുമാരന്‍ തമ്പിയുടേതാണ് വരികള്‍. വി സിനിമാസിന്റെ ബാനറിൽ ചിത്രീകരിച്ചിരിക്കുന്ന ചിത്രത്തിൽന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് നൗഷാദ് ഷെരീഫ് ആണ്.

Story Highlights: tovino thomas starring vyuham releasing on december 25