സാൾട്ട് ആൻഡ് പെപ്പറിന് ശേഷം കട്ടൻ കാപ്പിയുമായി താരങ്ങൾ; ‘ബ്ലാക്ക് കോഫി’ ട്രെയ്‌ലർ

December 17, 2020

മലയാളികളുടെ ഇഷ്ട വിഭവങ്ങളെല്ലാം ഒരു സ്‌ക്രീനിൽ എത്തിയ ചിത്രമായിരുന്നു സാൾട്ട് ആൻഡ് പെപ്പർ. സാള്‍ട്ട് ആന്‍ഡ് പെപ്പറിലെ താരങ്ങൾ ബ്ലാക്ക് കോഫിയിലൂടെ വീണ്ടും ഒന്നിക്കുന്നുവെന്ന വാർത്ത ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. മറ്റൊരു പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന് സാള്‍ട്ട് ആന്‍ഡ് പെപ്പറില്‍ കുക്ക് ബാബു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ബാബുരാജാണ് ബ്ലാക്ക് കോഫിയുടെ സംവിധാനം. ‘ബ്ലാക്ക് കോഫി; ഒരു പ്രേമം ഉണ്ടാക്കിയ കഥ’ എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും ബാബുരാജ് തന്നെയാണ്.

കഴിഞ്ഞ ദിവസം പുറത്തുവിട്ട ചിത്രത്തിന്റെ ടീസറിന് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. സാൾട്ട് ആൻഡ് പെപ്പർ എന്ന ചിത്രത്തിലെ മികച്ച പ്രേക്ഷക പ്രീതിനേടിയ ചെമ്പാവ് പുന്നെല്ലിൻ ചോറ് എന്ന് തുടങ്ങുന്ന ഗാനത്തിന്റെ അകമ്പനിയോടെയാണ് ട്രെയ്‌ലർ എത്തുന്നത്.

ലാല്‍, ശ്വേത മേനോന്‍, രചന നാരായണന്‍കുട്ടി, ഓവിയ, ലെന, മൈഥിലി, ഓര്‍മ, സണ്ണി വെയ്ൻ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. കാളിദാസനുമായി തെറ്റിയ കുക്ക് ബാബു നാല് യുവതികളുള്ള ഫ്‌ളാറ്റിൽ പാചകക്കാരനായെത്തുന്നതും തുടര്‍ന്ന് അരങ്ങേറുന്ന രസകരമായ സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

Read also:ഇന്ദ്രജിത്തിന് പിറന്നാൾ സമ്മാനവുമായി ‘ആഹാ’ ടീം-അർജുൻ അശോകൻ ആലപിച്ച ആദ്യ ഗാനം പങ്കുവെച്ച് സൂപ്പർ താരങ്ങൾ

2011-ൽ പുറത്തിറങ്ങിയ ആഷിഖ് അബു സംവിധാനം നിര്‍വഹിച്ച ചിത്രമായിരുന്നു സാൾട്ട് ആന്‍ഡ് പെപ്പര്‍. ആ വർഷത്തെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള കേരള സംസ്ഥാന പുരസ്‌കാരവും ഈ ചിത്രം നേടിയിരുന്നു. ലാല്‍, ശ്വേത മേനോന്‍, ആസിഫ് അലി, മൈഥിലി, കല്പന, ബാബു രാജ്, വിജയ രാഘവന്‍ എന്നിവരാണ് ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സാള്‍ട്ട് ആന്‍ഡ് പെപ്പറിലെ ഗാനങ്ങളും മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.

Story Highlights: Trailer Black Coffee