നജീബ് അലിയുടെ സംവിധാനത്തിൽ ഹൊറർ ത്രില്ലർ ഒരുങ്ങുന്നു; ശ്രദ്ധ നേടി ‘വംദൈ’ ഫസ്റ്റ് ലുക്ക്

December 14, 2020

നജീബ് അലി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ഒരുങ്ങുന്നു. ‘വംദൈ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഹൊറർ വിഭാഗത്തിലാണ് ഒരുക്കുന്നത്. ‘സൺ ഓഫ് അലിബാബ നാല്പത്തൊന്നാമൻ’ എന്ന ചിത്രത്തിന് ശേഷം നജീബ് അലി ഒരുക്കുന്ന ചിത്രമാണ് ഇത്. ഇപ്പോഴിതാ വംദൈയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഏറെ നിഗൂഢതകൾ ഒളിപ്പിച്ച രീതിയിലാണ് ഫസ്റ്റ് ലുക്ക് ഒരുക്കിയിരിക്കുന്നത്.

അതേസമയം മലയാളത്തിൽ ഒരുങ്ങുന്ന മറ്റൊരു ഹൊറർ ചിത്രമാണ് ’വഴിയെ’. പുതുമുഖ താരങ്ങളായ ജെഫിന്‍ ജോസഫ്, അശ്വതി അനില്‍ കുമാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിര്‍മല്‍ ബേബി വര്‍ഗീസ് സംവിധാനം നിര്‍വഹിക്കുന്ന പുതിയ ചിത്രമാണ് വഴിയെ. 

കാസര്‍ഗോഡ് ജില്ലയിലെ നിഗൂഢ വഴികളും കരിമ്പാറക്കെട്ടുകളുമൊക്കെ ഉൾപ്പെടുത്തിയാണ് ചിത്രം ഒരുക്കുന്നത്. കാസബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ ബാനറില്‍ ബേബി ചൈതന്യയാണ് ഈ ചിത്രം നിര്‍മിക്കുന്നത്. അതേസമയം ഫൗണ്ട് ഫൂട്ടേജ് സംവിധാനം ഉപയോഗപ്പെടുത്തി മലയാളത്തില്‍ ആദ്യമായി ഒരുങ്ങുന്ന ചിത്രം എന്ന പ്രത്യേകതയും വഴിയെ എന്ന സിനിമയ്ക്കുണ്ട്. നിഗൂഢമായ ഒരു പ്രദേശത്തെക്കുറിച്ച് ഡോക്യുമെന്ററി തയാറാക്കാനെത്തുന്ന രണ്ട് പേരുടെ ജീവിതത്തില്‍ സംഭവിക്കുന്ന ചില കാര്യങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ഹൊബോക്കന്‍ ഹോളോ, ജാക്ക് റയോ, നെവര്‍ സറണ്ടര്‍, ഗെയിം ഓഫ് അസാസിന്‍സ് തുടങ്ങിയ ചിത്രങ്ങളുടെ സംഗീത സംവിധാനത്തിലൂടെ ശ്രദ്ധേയനായ ഇവാന്‍സ് ആണ് ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കുന്നത്.

Story Highlights:vamdai movie horror thriller first look poster