വെള്ളിത്തിരയിലെ വില്ലൻ യഥാർത്ഥ ജീവിതത്തിലെ നായകനായപ്പോൾ; സോനു സൂദിന് വേണ്ടി അമ്പലമൊരുക്കി ആരാധകർ

December 22, 2020

വെള്ളിത്തിരയിൽ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൈയടിനേടിയ താരമാണ് സോനു സൂദ്, വെള്ളിത്തിരയിൽ കൂടുതലും വില്ലൻ വേഷങ്ങളിൽ പകർന്നാടിയപ്പോൾ ജീവിതത്തിൽ അദ്ദേഹത്തിന് നായകന്റെ വേഷമായിരുന്നു…അതുകൊണ്ടുതന്നെ അഭിനയത്തിലെ മികവിനപ്പുറം താരം പ്രേക്ഷകരുടെ പ്രിയങ്കരനാണ്. സാമൂഹ്യ പ്രവർത്തനങ്ങളിലൂടെയാണ് സോനു സൂദ് പ്രേക്ഷക പ്രിയങ്കരനായി മാറിയത്. ലോക്ക് ഡൗൺ കാലത്ത് അദ്ദേഹത്തിന്റെ സഹായംകൊണ്ട് മാത്രം നാട്ടിലേക്ക് മടങ്ങിയെത്താനും പുതിയ ജീവിതം ആരംഭിക്കാനും സാധിച്ചവർ നിരവധിയാണ്…

അദ്ദേഹത്തിന്റെ കരുണ നിറഞ്ഞ പ്രവർത്തനങ്ങൾക്കുള്ള ആദര സൂചകമായി കൊൽക്കത്തയിലെ ദുർഗാപന്തലിൽ സോനു സൂദിന് വേണ്ടിയുള്ള പ്രതിമ നിർമിച്ചത് നേരത്തെ വാർത്തകളിൽ ഇടംനേടിയിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തോടുള്ള ആദരസൂചകമായി അമ്പലം പണിതിരിക്കുകയാണ് തെലുങ്കാനയിലെ ആരാധകർ. ഡബ്ബ താന ഗ്രാമത്തിലാണ് അദ്ദേഹത്തിന് വേണ്ടി മനോഹരമായ അമ്പലം ഉയർന്നത്.

Read also:ചിരിക്കാതെ വിടില്ല; അത്ഭുതമായി ലോകത്തിലെ ഹാപ്പിനെസ് മ്യൂസിയം

അതേസമയം ‘ഇതൊന്നും താൻ അർഹിക്കുന്നില്ല’ എന്നായിരുന്നു ആരാധകർ അമ്പലം പണിത വാർത്തയോട് അദ്ദേഹം പ്രതികരിച്ചത്.

ഐക്യരാഷ്ട്ര വികസന പദ്ധതിയുടെ സ്പെഷ്യൽ ഹ്യൂമാനിറ്റേറിയൻ ആക്ഷൻ അവാർഡ് അടുത്തിടെ സോനു സൂദിന് ലഭിച്ചിരുന്നു. ഇതോടെ യു എന്നിന്റെ വിവിധ വിഭാഗങ്ങളിൽ നിന്ന് ഈ ബഹുമതി ലഭിച്ച ആഞ്ചലീന ജോളി, ഡേവിഡ് ബെക്കാം, ലിയോനാർഡോ ഡികാപ്രിയോ, എമ്മ വാട്സൺ, ലിയാം നീസൺ തുടങ്ങിയ താരങ്ങളുടെ പട്ടികയിലേക്ക് സോനു സൂദിന്റെ പേരും ചേർക്കപ്പെട്ടു.

Read also: 2020-ല്‍ മലയാളികളുടെ ഹൃദയതാളങ്ങള്‍ കീഴടക്കിയ പാട്ടുകള്‍

ലോക്ക് ഡൗൺ സമയത്ത് നിരവധി സഹായങ്ങളാണ് സോനു സൂദ് ചെയ്തത്. കുടിയേറ്റത്തൊഴിലാളികളെ നാട്ടിലെത്തിക്കാൻ സോനു സൂദ് ഒരു ബസ് ഏർപ്പെടുത്തിയിരുന്നു. മാത്രമല്ല, കേരളത്തിൽ കുടുങ്ങിയ ഒറീസ്സ സ്വദേശിനികളെ നാട്ടിലേക്ക് എത്തിക്കാൻ അദ്ദേഹം നടത്തിയ ശ്രമങ്ങളും ശ്രദ്ധ നേടിയിരുന്നു. കൊച്ചിയിലെ ഒരു ഫാക്ടറിയിൽ തുന്നൽ ജോലിക്ക് എത്തിയതായിരുന്നു ഒറീസ സ്വദേശിനികളായ 177 പെൺകുട്ടികൾ. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഫാക്ടറി പൂട്ടുകയും നാട്ടിലേക്ക് മടങ്ങാൻ സാധിക്കാതെ ഇവർ കേരളത്തിൽ കുടുങ്ങുകയും ചെയ്തു. സംഭവം ശ്രദ്ധയിൽപെട്ടതോടെ സോനു സൂദ് ബെംഗളൂരുവിൽ നിന്നും പ്രത്യേക വിമാനമെത്തിച്ച് ഇവരെ കൊച്ചിയിൽ നിന്നും ഭുവനേശ്വറിൽ എത്തിക്കുകയായിരുന്നു.

Read also:ഇതാണ് ആദ്യത്തെ ക്രിസ്‌മസ്‌ കാർഡ്; വിൽപ്പനയ്ക്കുവെച്ച് 177 വർഷം മുൻപത്തെ കാർഡ്

ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ ചായക്കട നടത്തിയിരുന്ന നാഗേശ്വര റാവു ലോക്ക് ഡൗൺ ആയതോടെ പ്രതിസന്ധിയിലായിരുന്നു. അതോടെ നാട്ടിലേക്ക് മടങ്ങിയ അദ്ദേഹത്തിന് കൃഷിയിടമാണ് ആശ്രയമായത്. എന്നാൽ, കൃഷിയിടം ഉഴുതുമറിക്കാൻ കാളകളെ വാങ്ങാൻ സാധിക്കാതെ പെൺമക്കളെ കൊണ്ടാണ് നിലമുഴുതത്. ഈ വാർത്ത മാധ്യമങ്ങളിൽ നിറഞ്ഞതോടെ കുടുംബത്തിന് ഒരു ട്രാക്ടർ വാങ്ങി നൽകിയിരുന്നു താരം. കൊവിഡ് കാലത്ത് ജോലി നഷ്ടമായവർക്ക് ഇ-റിക്ഷ സമ്മാനിച്ചും സോനു സൂദ് വാർത്തകളിൽ ഇടംനേടിയിരുന്നു.

Story Highlights: villagers construct temple for sonu sood